വന്ദേഭാരത് സ്ലീപ്പർ റെഡി: പരമാവധി വേഗം 180 കിലോമീറ്റര്‍
ന്യൂഡൽഹി: രാജ്യത്തിന്റെ അതിവേഗ യാത്രകൾക്ക് നിറം പകർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍. മൂന്ന് ദിവസത്തെ പരീക്ഷണ ഓട്ടത്തിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാകുമെന്ന് കണ്ടെത്തി. രാജസ്ഥാനിലെ കോട്ട മുതൽ രോഹാൽഖർഡ് വരെയുള്ള 40 കി മീ ദൂരത്തിൽ ജനുവരി ഒന്നിനും കോട്ട മുതൽ ബണ്ടിജില്ലയിലെ ലബൻവരെയുള്ള 30 കിലോമീറ്റർ ദൂരത്തിൽ ജനുവരി രണ്ടിനും നടത്തിയ പരീക്ഷണ ഓട്ടത്തിൽ വണ്ടി പരമാവധി 180 കി മീ വേഗം കൈവരിച്ചു. റെയിൽവെ മന്ത്രി അശ്വിന് വൈഷ്ണവ് എക്സിലൂടെ വിഡിയോ പങ്കുവെച്ചു. ഈ മാസം അവസാനം വരെ പരീക്ഷണം തുടരും.
വന്ദേഭാരത് സ്ലീപ്പർ കോച്ചുകളടങ്ങിയ ആദ്യ ട്രെയിൻ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്ദേഭാരത് ചെയർകാറിനായി നിർമിച്ച ട്രെയിനുകളിലാണ് സ്ലീപ്പർ ബെർത്തുകൾ ഘടിപ്പിച്ചിരിക്കുന്നത്. മാറ്റങ്ങൾ വരുത്തിയതിനാൽ കോച്ചുകളുടെ ഭാരം വർധിച്ചിട്ടുണ്ട്. ഐസിഎഫിനു വേണ്ടി ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡാണ് (ബെമൽ) സ്ലീപ്പർ കോച്ചുകൾ നിർമിക്കുന്നത്.
റെയിൽവെ സുരക്ഷാ കമ്മിഷണർ പരിശോധിക്കുന്നതിനു മുൻപുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. എല്ലാ പരിശോധനകളും നടത്തിയ ശേഷം യാത്രയ്ക്ക് സജ്ജമാണോയെന്ന് ഉറപ്പു വരുത്തും. പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും റെയിൽവെ സേഫ്റ്റി കമ്മിഷണർക്ക് കൈമാറും. അത് പരിശോധിച്ചതിനു ശേഷം സേഫ്റ്റി കമ്മിഷണർ ട്രയൽ റൺ നടത്തും. തുടർന്നായിരിക്കും റെയിൽവേയ്ക്ക് കൈമാറുക.