മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 25 വരെ അവസരം ലഭിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ പത്ത് ദിവസം മുൻപ് വരെ അവസരം ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടൽ വഴിയോ വോട്ടർ ഹെല്പ് ലൈൻ ആപ്പ് വഴിയോ ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ രാജ്യത്തെ 18 വയസ്സ് തികഞ്ഞ ഏതൊരു പൗരനും വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.
voters.eci.gov.in/signup എന്ന ലിങ്കിൽ പ്രവേശിച്ച ശേഷം മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്ത ശേഷം വേണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടൽ വഴി അപേക്ഷിക്കുന്നവർ തുടർനടപടികൾ ചെയ്യാൻ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആവശ്യമായ അപേക്ഷയുടെ എൻട്രികൾ ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷകർക്ക് പൂരിപ്പിക്കാവുന്ന വിധത്തിലാണ് ഉള്ളത്.