നാഗ്‌പൂര്‍കാരി ദിവ്യ ദേശ്‌മുഖ് ,വനിതാ ലോകകപ്പ് ചെസ്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരി (VIDEO)

ബറ്റുമി (ജോർജിയ): ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് ഫൈനലിൽ. സെമി മത്സരത്തിലെ രണ്ടാം ഗെയിമിൽ മുൻ ലോക ചാമ്പ്യൻ ചൈനയുടെ സോങ്‌യി ടാനെ പരാജയപ്പെടുത്തിയാണ് ദിവ്യ കിരീടപ്പോരിലേക്ക് യോഗ്യത നേടിയത്.
കാൻഡിഡേറ്റ്സ് ടൂർണമെന്‍റിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ സ്വദേശി ദിവ്യ ദേശ്‌മുഖ് .
സോങ്‌യി ടാനെയുമായുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. രണ്ടാമത്തെ മത്സരം 101 നീക്കത്തിൽ ജയിച്ചാണ് ദിവ്യയുടെ അപ്രതീക്ഷിത മുന്നേറ്റം. ആദ്യമായാണ് ഇന്ത്യൻ താരം ലോകകപ്പ് ഫൈനലിലെത്തുന്നത്. ജയത്തോടെ, അടുത്ത വർഷം നിലവിലെ വനിതാ ലോക ചാമ്പ്യനായ വെൻജുൻ ജുവിന്‍റെ എതിരാളിയെ തീരുമാനിക്കുന്ന അഭിമാനകരമായ കാൻഡിഡേറ്റ്സ് ടൂർണമെന്‍റിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ദിവ്യ മാറി. ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് ചൈനയുടെ സോങ്‌സു ജൂവിനെയും പിന്നീട് ഇന്ത്യയുടെ ഡി ഹരികയെയും ദിവ്യ പരാജയപ്പെടുത്തിയിരുന്നു. ചെസ്സില്‍ റാപിഡും ബ്ലിറ്റ്സും ക്ലാസിക് ചെസും ഒരു പോലെ കൈകാര്യം ചെയ്യുന്ന താരമാണ് ദിവ്യ. ലോകറാങ്കിംഗ് 908 ആണ്. ഇന്ത്യയുടെ 21ാം വനിതാ ഗ്രാന്‍റ് മാസ്റ്ററാണ്.