കരുനാഗപ്പള്ളി നഗരസഭയിലെ അതിദരിദ്രരായ നാലു കുടുംബങ്ങൾക്ക് വീടുകൾ ഇന്ന് നൽകും
കരുനാഗപ്പള്ളി : നഗരസഭയിലെ അതിദരിദ്രരായ നാലു കുടുംബങ്ങൾക്കായി വീടുകളൊരുങ്ങി. ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവർ ചേർന്ന് താക്കോൽദാനം നിർവഹിക്കും. സർക്കാർ മാനദണ്ഡപ്രകാരം നഗരസഭാപരിധിയിൽ 30 അതിദരിദ്ര കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത നാലു കുടുംബങ്ങൾക്കാണ് ഭൂമി കണ്ടെത്തി വീട് നിർമിച്ചുനൽകിയത്. സ്വന്തമായി ഭൂമി ഉണ്ടായിരുന്ന മറ്റൊരു കുടുംബത്തിന് വീടുവെക്കാൻ ധനസഹായം നേരത്തേ കൈമാറിയിരുന്നു. നഗരസഭയുടെ അധീനതയിൽ മൂത്തേത്ത് കടവിലുള്ള 28 സെന്റ് ഭൂമിയിൽനിന്ന് മൂന്നുസെന്റ് ഭൂമിവീതമാണ് ഓരോ കുടുംബത്തിനും നൽകിയത്. ഭവനപദ്ധതിപ്രകാരം നാലുലക്ഷം രൂപവീതം ഓരോ വീടിനും നഗരസഭ മാറ്റിവെച്ചു. അഞ്ചുലക്ഷം രൂപവീതം വിവിധ സന്നദ്ധസംഘടനകളും വ്യക്തികളുംകൂടി നൽകി. 500 ചതുരശ്രയടി വിസ്തീർണമുള്ള വീടുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്.
നഗരസഭാപരിധിയിൽ അതിദാരിദ്ര്യ നിർമാർജനപദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കൾക്ക് എല്ലാമാസവും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ്, ഉപജീവനമാർഗമായി കുടുംബശ്രീവഴി ആറു ഗുണഭോക്താക്കൾക്ക് പെട്ടിക്കടകൾ, മരുന്ന്, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കൽ തുടങ്ങിയവ ഉൾപ്പെടെ 50 ലക്ഷത്തിലധികം രൂപ ദാരിദ്ര്യനിർമാർജനത്തിനായി നഗരസഭ ചെലവഴിച്ചതായും അധികൃതർ പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ എംഎൽഎ ഫണ്ടും നഗരസഭാ ഫണ്ടും ഉപയോഗിച്ച് ഒരുക്കിയ ഡയാലിസിസ് കേന്ദ്രം ഉടൻ തുറന്നുനൽകും. ഡിജിറ്റൽ സിറാമിക്സ് ഡെന്റൽ ലാബ് വെള്ളിയാഴ്ച 11-ന് ഉദ്ഘാടനം ചെയ്യുമെന്നും നഗരസഭാധ്യക്ഷൻ പടിപ്പുര ലത്തീഫ്, അംഗങ്ങളായ എം. ശോഭന, എസ്. ഇന്ദുലേഖ, റെജി ഫോട്ടോപാർക്ക്, മഹേഷ് ജയരാജ്, നഗരസഭാ സെക്രട്ടറി സന്ദീപ്‌കുമാർ, സൂപ്രണ്ട് ഫെമി, ഹെൽത്ത് സൂപ്പർവൈസർ ഫൈസൽ, നഗരസഭാ എൻജിനിയർ ബിജു, കുടുംബശ്രീ മെമ്പർ സെക്രട്ടറി സുചിത്ര എന്നിവർ അറിയിച്ചു.
