ഫേസ്ബുക്കിലൂടെ വിമർശന മുന്നയിച്ച് വീണ്ടും എൻ.പ്രശാന്ത്

തിരുവനന്തപുരം: ഐ എ എസ് തലപ്പത്തെ പോര് തുടരുന്നതിനിടെ വിമർശനവുമായി എൻ പ്രശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹിയറിങ്ങിന്‍റെ ലൈവ് സ്ട്രീമിങും വിഡിയോ റെക്കോഡിങ്ങും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആദ്യം സമ്മതിച്ചിരുന്നുവെന്നും പിന്നീട് പിന്മാറിയതാണെന്നും ആരോപിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.
പ്രശാന്തിൻ്റെ ആവശ്യപ്രകാരം ഹിയറിങ് റെക്കോഡ് ചെയ്യാനും സ്ട്രീം ചെയ്യാനും തടസമൊന്നും സൂചിപ്പിക്കാതെ മാർച്ച് നാലിന് പുറത്തിറക്കിയ സർക്കാർ ഉത്തരവും മാർച്ച് ഒന്നിന് ആവശ്യം അംഗീകരിക്കാതെയുള്ള ഉത്തരവും പങ്കുവച്ചാണ് വിമർശനം. പ്രശാന്തിൻ്റെ ആവശ്യം വിചിത്രമാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ നൽകിയ വാർത്തയ്ക്കും പോസ്റ്റിൽ വിമർശനമുണ്ട്. ഐ എ എസിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചതിനായിരുന്നു എൻ പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്.
എന്നാൽ തൻ്റെ ഭാഗം കേൾക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഹിയറിങ് നടത്താൻ തീരുമാനിക്കുന്നത്. എന്നാൽ തൻ്റെ ഹിയറിങ് റെക്കോഡ് ചെയ്യണമെന്നും ലൈവ് സ്ട്രീമിങ് വേണമെന്നും പ്രശാന്ത് ആവശ്യമുന്നയിക്കുകയായിരുന്നു.