കനിവ്, കരുതൽ, കവചം; അഭിയ ആൻ ജിജിയ്ക്കും കുടുംബത്തിനും കൈത്താങ്ങായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്

0

 

കൊച്ചി ∙ ഒടുവിൽ അഭിയ ആൻ ജിജിയെന്ന കൊച്ചു കായികതാരത്തിനു മുന്നിൽ ഒരു ഹർഡിൽ തകർന്നുവീഴുന്നു; സാമ്പത്തിക പരിമിതിയുടെ ഹർഡിൽ! അഭിയയെ ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കാൻ പണമില്ലാതെ ആകെയുള്ള സ്വർണവള പണയം വയ്ക്കേണ്ടി വന്ന അമ്മ സുനുവിനും കുടുംബത്തിനും തുണയ്ക്കെത്തിയതു മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്. കോട്ടയം മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനിയായ അഭിയയ്ക്ക് പ്രതിമാസം പതിനായിരം രൂപ സ്കോളർഷിപ്പും സ്പോർട്സ് കിറ്റുമാണ് പ്രഖ്യാപിച്ചത്.

ഭുവനേശ്വറിൽ നടക്കേണ്ടിയിരുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ സുവർണ പ്രതീക്ഷയായിരുന്ന അഭിയയ്ക്ക് കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയായി. മകളെ ദേശീയ മത്സരത്തിന് അയയ്ക്കാൻ അമ്മ സുനു ജിജി 16,000 രൂപയ്ക്കു സ്വന്തം സ്വർണവള പണയം വച്ച സങ്കട കഥ ലോകം അറിഞ്ഞത് മലയാള മനോരമ പ്രസിദ്ധീകരിച്ച ‘കായികം കടം സങ്കടം’ പരമ്പരയിലൂടെയായിരുന്നു. ആ വാർത്തയിലൂടെയാണു മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് അഭിയയുടെ കഥയറിയുന്നതും സഹായിക്കാൻ തീരുമാനിച്ചതും.

അഭിയയുടെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്പോർട്സ് ഡിവിഷൻ ഡയറക്ടർ ഹന്ന മുത്തൂറ്റാണു സഹായം പ്രഖ്യാപിച്ചത്. പണയം വച്ച വള തിരിച്ചെടുത്തു നൽകും. അഭിയയുടെ വീടിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി ആവശ്യമായ ഇടപെടലും നടത്തും. അതു സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായും ഹന്ന പറഞ്ഞു.

ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അഭിയ ഇത്തവണത്തെ ഇടുക്കി റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഹൈജംപ്, ലോങ്ജംപ്, 100 മീറ്റർ ഹർഡിൽസ് ഇനങ്ങളിൽ ഒന്നാമതെത്തിയിരുന്നു. ഭുവനേശ്വറിൽ ഹൈജംപിലാണ് അഭിയ മത്സരിക്കുക. 24 മുതൽ 29വരെ നടക്കേണ്ടിയിരുന്ന ജൂനിയർ അത്‌ലറ്റിക് മീറ്റ് ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്നു മാറ്റിവച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *