മുസ്ലീങ്ങൾ ശ്രീരാമന്റെ പിൻഗാമികളാണെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി

ദില്ലി: സനാതന ധർമ്മത്തിനും ഇസ്ലാമിനും ഇടയിൽ ദൈവശാസ്ത്രപരവും സാംസ്കാരികവുമായ ശക്തമായ സമാനതകളുണ്ടെന്നും ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജമാൽ സിദ്ദിഖിയുടെ പരാമർശം. ഇസ്ലാമിന് വളരെ മുമ്പുതന്നെ സന്താന ധർമ്മം നിലവിലുണ്ടായിരുന്നു. അതാണ് നാഗരികതയുടെ അടിത്തറയെന്നും അതുകൊണ്ടുതന്നെ എല്ലാ മുസ്ലീങ്ങളും ശ്രീരാമന്റെ പിൻഗാമികളാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിന് വളരെ മുമ്പേ സനാതന ധർമ്മം വന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ ആഴത്തിലുള്ള ചരിത്ര വേരുകൾ പരിശോധിക്കുമ്പോൾ രാമനിലും കൃഷ്ണനിലും വിശ്വസിക്കാത്ത മുസ്ലീങ്ങളെ മുസ്ലീങ്ങൾ എന്ന് വിളിക്കാൻ കഴിയില്ലെന്നും ഈ ആദരണീയരായ വ്യക്തികൾക്ക് ഇസ്ലാമിക ആത്മീയ പരമ്പരയിൽ സ്ഥാനമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം ഒരു പ്രവാചകനെ മാത്രമല്ല, നിരവധി പ്രവാചകന്മാരെയും അംഗീകരിക്കുന്നുവെന്നും ഖുർആനിൽ 25 പ്രവാചകന്മാരെ കുറിച്ച് പരാമർശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.