ഹിന്ദു യുവാവിനെ വിവാഹം ചെയ്ത മുസ്ളീം യുവതി മരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന് ആരോപണം

0
durabhimanam

അമരാവതി: ആന്ധ്രാ പ്രദേശില്‍ ഹിന്ദു യുവാവിനെ വിവാഹം കഴിച്ച യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ചിറ്റൂരിലെ മസിദുമുറ്റയിലാണ് സംഭവം. നവവധു യാസ്മിന്‍ ബാനു (23) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്ന് ഭര്‍ത്താവ് ആരോപിച്ചു. മൂന്നുമാസം മുന്‍പാണ് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് സായി തേജ എന്ന യുവാവിനെ യാസ്മിന്‍ വിവാഹം കഴിച്ചത്. പിതാവിന് സുഖമില്ലെന്ന് അറിയിച്ച് യുവതിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും ഭാര്യയെ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും സായി തേജ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് സായി നല്‍കിയ പരാതിയില്‍ പൊലീസ് യുവതിയുടെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നാലുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുപത്തിയാറുകാരിയായ യാസ്മിനും സായി തേജയും ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹിതരായത്. യാസ്മിന്‍ എംബിഎയ്ക്കും സായി ബി ടെകിനും പഠിക്കുമ്പോഴായിരുന്നു ഇരുവരും പ്രണയത്തിലായത്. യാസ്മിന്റെ കുടുംബം ഇവരുടെ ബന്ധത്തിന് എതിരായിരുന്നു. വിവാഹം കഴിഞ്ഞയുടന്‍ ഇരുവരും പൊലീസ് സംരക്ഷണം തേടിയിരുന്നു. യാസ്മിന്റെ മാതാപിതാക്കള്‍ക്ക് പൊലീസ് കൗണ്‍സലിംഗ് നല്‍കി. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതാണെന്ന് സ്ഥിരീകരിച്ചശേഷം യാസ്മിനെ തേജയ്‌ക്കൊപ്പം പോകാന്‍ അനുവദിക്കുകയും ചെയ്തു.അതേസമയം, യാസ്മിന്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് കുടുംബം വാദിക്കുന്നത്. എന്നാല്‍ ദുരഭിമാനക്കൊലയാണ് നടന്നതെന്നും തന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കുടുംബം ശ്രമിക്കുകയാണെന്നുമാണ് സായി തേജയുടെ ആരോപണം. യാസ്മിന്റെ മാതാവ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. മറ്റ് ബന്ധുക്കള്‍ ഒളിവില്‍പോയത് സംശയം വര്‍ധിപ്പിക്കുന്നുവെന്നും ദുരഭിമാനക്കൊലയാണോ നടന്നത് എന്നതിലുള്‍പ്പെടെ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *