‘ജയ് ശ്രീറാം’ വിളിക്കാത്തതിൻ്റെ പേരിൽ മുസ്ളീം വനിതയ്ക്ക് ഭക്ഷണം നിഷേധിച്ചു.
മുംബൈ: “ജയ് ശ്രീറാം” വിളിക്കാത്തതിന്റെ പേരിൽ മുംബൈയിലെ ടാറ്റ ഹോസ്പിറ്റലിന് പുറത്ത് രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും വിതരണം ചെയ്ത സൗജന്യ ഭക്ഷണം ഒരു മുസ്ലീം സ്ത്രീക്ക് നിഷേധിച്ചു.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് . മുസ്ലീം യുവതിയോടുള്ള ഭക്ഷണം വിതരണം ചെയ്യുന്നയാളുടെ മോശമായ പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട് .
ടാറ്റാ ഹോസ്പിറ്റലിന് മുന്നിൽ ഒരു എൻജിഒയാണ് ഭക്ഷണം വിതരണം ചെയ്തതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. പല സാമൂഹ്യസംഘടനകളും ആശുപത്രിയിലെ രോഗികൾക്കും അവിടെയെത്തുന്ന അവരുടെ ബന്ധുക്കൾക്കും സൗജന്യ ഭക്ഷണ വിതരണം ഇവിടെ നടത്തി വരാറുണ്ട്.
ഹിജാബ് ധരിച്ച ഒരു സ്ത്രീ സൗജന്യ ഭക്ഷണത്തിനായി വരിയിൽ നിൽക്കുമ്പോഴാണ് സംഭവം.ഭക്ഷണം സ്വീകരിക്കുന്നതിന് മുമ്പ് ആദ്യം “ജയ് ശ്രീറാം” എന്ന് വിളിക്കണമെന്ന് ഭക്ഷണം നൽകുന്ന സംഘടനയിലെ ആൾ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ, ഭക്ഷണം നൽകാതിരിക്കുകയും “ലാത് മറുങ്ക” (ഒരു ചവിട്ടു തരും ) എന്ന് പറഞ്ഞുകൊണ്ട് ആക്രോശിക്കുകയുമായിരുന്നു. ഭക്ഷണം നൽകാതെ ,അവിടെ നിന്ന് മാറി പോകാൻ അയാൾ ആവശ്യപ്പെടുമ്പോൾ “ഇത് നിന്റെ അച്ഛന്റെ സ്ഥലമാണോ ” എന്ന് ദേഷ്യത്തോടെ സ്ത്രീ തിരിച്ചു ചോദിക്കുന്നുമുണ്ട്.