തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ മുസ്ലീം ലീഗ്; ‘വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കും’

കോഴിക്കോട്: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിനമായി വെള്ളിയാഴ്ച നിശ്ചയിച്ചതിനെതിരെ മുസ്ലീം ലീഗ്. വെള്ളിയാഴ്ച നടക്കുന്ന പോളിങ് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം.ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിൽപെടുത്തുമെന്നും പിഎംഎ സലാം അറിയിച്ചു.
വെള്ളിയാഴ്ചത്തെ പോളിങ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജൻ്റുമാരുമായ വിശ്വാസികൾക്ക് ഇത് അസൗകര്യം സൃഷ്ടിച്ചേക്കുമെന്നും പിഎംഎ പറഞ്ഞു.വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിനമാണ്. കേരളത്തിലും തമിഴ്നാട്ടിലെ ഈ ദിനം വോട്ടെടുപ്പിനായി തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. വോട്ടെടുപ്പ് ദിനം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി ചിന്തിക്കണമെന്ന് പിഎംഎ സലാം ആവശ്യപ്പെട്ടു.