മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ എത്തിയത് 3,94,172 പേര്
മസ്കത്ത്: കഴിഞ്ഞ ദിവസം സമാപിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ എത്തിയത് 3,94,172 ആളുകൾ. ഉദ്ഘാടന ദിവസം മുതൽ സമാപന ദിവസംവരെയുള്ള കാലയളവിലാണ് ഇത്രയും അക്ഷര പ്രേമികൾ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബി ഷൻ സെന്റ്റിലെ അക്ഷര നഗരിയിലേക്ക് ഒഴുകിയത്. വാർത്താവിതരണ മന്ത്രിയും മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രധാന കമ്മിറ്റി ചെയർമാനുമായ ഡോ.അബ്ദു ല്ല ബിൻ നാസർ അൽ ഹറാസിയുടെ കാർ മികത്വത്തിലാണ് സമാപന പരിപാടികൾ നടന്നത്.
32 രാജ്യങ്ങളിൽനിന്നുള്ള 847 പ്രസാധക സ്ഥാപനങ്ങളായിരുന്നു മേളയിൽ അറിവിന്റെ വാതായാനങ്ങൾ തുറന്ന് പുസ്തകങ്ങൾ ഒരുക്കിയിരുന്നതെന്ന് പുസ്തകമേളയുടെ ഡയറക്ടർ അഹമ്മദ് ബിൻ സൗദ് അൽ റവാഹി പറഞ്ഞു. കുട്ടികളടക്കമുള്ള പുതുതലമുറയുടെ സാന്നിധ്യം മേളക്ക് തിളക്കം കൂട്ടുന്നതായി. കുട്ടികൾക്കായി ഒരുക്കിയിരുന്ന കോർണറുകളിൽ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്.
പരിപാടിയുടെ ഭാഗമായി നടന്ന വിവിധ സെമിനാറുകളിലും ചർച്ചകളിലും ധാരാളം കുടുംബങ്ങൾ പങ്കെടുത്തു. 130 ഓളം വൈവിധ്യമാർന്ന പരിപാടികളും കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന സാംസ്കാരിക പരിപാടികളാലും സമ്പന്നമായിരുന്നു മേള.
പുസ്തോകത്സവത്തിന്റെ വിവരങ്ങൾ പുറംലോകത്തെത്തിക്കാൻ വിദേശമാധ്യമ പ്രവർത്തകരും എത്തിയിരുന്നു. വിവിധ ദൃശ്യ, അച്ചടി, ശ്രാവ്യ മാധ്യമങ്ങളിലൂടെ സുൽത്താനേറ്റിന്റെ ക്രിയാത്മകമായ മുഖം ഇതിലൂടെ പുറം ലോകത്തെത്താൻ സഹാ യകമാവുകയും ചെയ്തു.
ഫലസ്തീൻ അടക്കമുള്ള വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളും നടന്നു. ദാഹിറയായിരുന്നു ഈ വർഷത്തെ അതിഥി ഗവർണറേറ്റ്. ദാഹിറയുടെ ബൗദ്ധിക സാംസ്കാരിക ചരിത്രം പ്രദർശിപ്പിക്കുന്ന പ്രത്യേക പവിലിയനും പരിപാടികളും സന്ദർശകരെ ആകർഷിക്കുന്നതായി. മേളയിലെത്തുന്ന സന്ദർശകരെ വഴി കാട്ടാനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റോബോട്ടുകളും ത്രീഡി മാപ്പും ഒരുക്കിയിരുന്നു ഇത് പവിലിയനിൽ എത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായി.