വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; 3 പേർ കുറ്റക്കാർ

0

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതി ഷൈബിൻ അഷ്റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ മറ്റ് നാല് പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും. മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഒരു വർഷത്തോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.2019 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാൻ ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം മൈസൂരിൽ നിന്ന് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതികൾ നടത്തിയ ആത്മഹത്യാശ്രമമാണ് കൊലപാതക വിവരം പുറംലോകത്തെത്തിച്ചത്.മൃതദേഹമോ ശരീര ഭാഗങ്ങളോ കണ്ടെത്താനാവാത്ത കേസിൽ സംസ്ഥാനത്ത് ആദ്യമായാണ് ശിക്ഷ വിധിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ 15 പേരായിരുന്നു കേസിൽ പ്രതികളായി ഉണ്ടായിരുന്നത്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസാണിത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ടുപോയത്.വിചാരണയുടെ ഭാഗമായി 80 സാക്ഷികളെ കോടതി വിസ്തരിച്ചു. ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരം മുൻപ് വിദേശത്ത് രണ്ട് കൊലപാതകങ്ങൾ നടന്നുവെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷാബാ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിനിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കൂട്ടുപ്രതികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇതിനുപിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷെരീഫിനെ 2019 ഓഗസ്റ്റിലാണ് നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവുമായിരുന്നു ഇതിന് പിന്നിൽ. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വർഷം ചങ്ങലക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറയാൻ തയ്യാറായില്ല. പിന്നീട് ക്രൂര പീഡനത്തിന് ഒടുവിൽ ഷാബാ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *