ഷോക്കടിപ്പിച്ച് കൊല : ഒരു കുടുംബം തന്നെ പ്രതികളായി മാറിയ സംഭവം

ആലപ്പുഴ :അമ്മയുടെ കാമുകനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കൊലപ്പെടുത്താനായി മാസങ്ങളായുള്ള ആസൂത്രണത്തിന് ശേഷമാണ് കൊലനടത്തിയതെന്ന് പൊലീസ് കണ്ടെത്തി.ആലപ്പുഴ പുന്നപ്രയിലാണ് സംഭവം നടന്നത്.
വീടിന് പിന്നിൽ കമ്പി കെട്ടിയായിരുന്നു കെണി ഒരുക്കിയത്. അമ്മയുടെ ഫോണിൽ അയച്ച മെസേജിലൂടെയാണ് ദിനേശൻ വരുന്ന വിവരം കിരൺ മനസ്സിലാക്കിയത്. മാതാവിന് മറ്റൊരാളുമായുള്ള ബന്ധത്തെ തുടർന്നുള്ള നാണക്കേടാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. മരണം ഉറപ്പാക്കും വരെ വൈദ്യുതാഘാതം ഏൽപ്പിച്ചു. ഇലക്ട്രീഷ്യൻ ജോലി അറിയുന്ന കിരൺ ,ഷോക്കേറ്റ് വീണ ദിനേശനെ കയ്യിൽ കമ്പിവടി പിടിപ്പിച്ച് വീണ്ടും ഷോക്കടിപ്പിച്ചു മരണം ഉറപ്പാക്കി. ദിനേശനെ കൊലപ്പെടുത്താൻ മുൻപ് ഒരു ശ്രമം നടത്തിയെങ്കിലും അന്ന് പരാജയപ്പെട്ടിരുന്നു.
കൊലപാതകത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട പകയാണ്. കൊലപാതക ശേഷം കിരൺ അമ്മയെയും അറിയിച്ചു. പിന്നീട് മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. കിരണിന്റെ വീടിൻ്റെ തൊട്ടടുത്ത വീടാണ് കൊല്ലപ്പെട്ട ദിനേശന്റേത് .
കൊലപാതക ശേഷം പിതാവുമായി ചേർന്ന് കിരൺ പാടശേഖരത്ത് ദിനേശന്റെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റ് മരണമെന്നായിരുന്നു. എന്നാൽ മൃതദേഹം കിടന്ന സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും പിതാവും അമ്മയും പിടിയിലായത്.
മുഖ്യ പ്രതിയുമായുള്ള തെളിവെടുപ്പ് ഇപ്പോൾ നടന്നുവരികയാണ്.