മുരാരി ബാബുവിന് കുരുക്ക് മുറുക്കി റിമാൻഡ് റിപ്പോർട്ട്
പത്തനംത്തിട്ട : മുരാരി ബാബുവിന് കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം കടത്തിയ കേസിലെ രണ്ടാം പ്രതി മുരാരി ബാബു മഹസറില്‍ ചെമ്പ് എന്ന് മനഃപൂര്‍വം എഴുതിയതാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മുരാരിയെ റാന്നി ഒന്നാംക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കിയതിനൊപ്പം നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണിതുള്ളത്. ചോദ്യംചെയ്യലില്‍ മുരാരി ഇക്കാര്യം സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1998-ല്‍ ശില്പങ്ങളില് സ്വര്‍ണം പൊതിഞ്ഞിരുന്ന വിവരം മുരാരിക്ക് അറിയാമായിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിക്ക് പാളികള്‍ കടത്താന്‍ മനഃപൂര്‍വം സഹായം നല്കി എന്ന നിഗമനത്തിലേക്ക് അന്വേഷണം എത്തിയിട്ടുണ്ട്. രണ്ടുകിലോയോളം സ്വര്‍ണം തട്ടിയെടുക്കാന്‍ ആസൂത്രിതനീക്കം നടത്തിയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കോടതിയിലെത്തിച്ചപ്പോള്‍ ആരെയും നോക്കാതെ തലകുനിച്ച് മുരാരി ബാബു. വ്യാഴാഴ്ച വൈകീട്ട് 6.15-നാണ് തിരുവനന്തപുരത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിലെത്തിച്ചത്. അടച്ചിട്ട കോടതി മുറിയിലാണ് ജഡ്ജിക്കുമുന്നില്‍ ഹാജരാക്കിയത്. ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറായിരുന്ന മുരാരി ബാബുവിനെ അടുത്തിടെയാണ് ദേവസ്വംബോര്‍ഡ് സെസ്പന്ഡ് ചെയ്തത്.
