ആറ്റുകാൽ പൊങ്കാലയ്ക്ക് നഗരസഭ സുസജ്ജം:മേയർ ആര്യാ രാജേന്ദ്രൻ

0

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് എല്ലാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും  പൂർത്തിയായികഴിഞ്ഞെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കുടിവെള്ളം/അന്നദാന വിതരണം നടത്തുന്നവര്‍ മുന്‍കൂട്ടി ‘സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പി’ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആയത് പ്രകാരം 228 സന്നദ്ധ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുടിവെള്ള/അന്നദാന വിതരണം നടത്തുന്നിടത്ത് പ്രത്യേക സ്ക്വാഡ് പരിശോധന ഉണ്ടാകും. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്‍പാദനത്തിന് കാരണവുമാകുന്ന ഉല്‍പന്നങ്ങള്‍ ഒഴിവാക്കുന്നതിനും പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനം/കുടിവെള്ളം വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.

കടുത്ത വേനലായതുകൊണ്ട് തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം 3 മണിമുതല്‍ ആരംഭിക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനായി നഗരസഭ ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 3204 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.

പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ചുടുകല്ലുകള്‍ അതിദാരിദ്യ്ര/ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുന്നതിന് നഗരസഭ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഉപയോഗശേഷം ചുടുകട്ടകള്‍ കേടുപാട് സംഭവിക്കാത്ത തരത്തില്‍ അതാത് സ്ഥലങ്ങളില്‍ സുരക്ഷിതമായി മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അനധികൃതമായി ചുടുകല്ലുകള്‍ ശേഖരിക്കുന്നതും സാമ്പത്തിക ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നതും അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതിന് കാരണമാകും. സുരക്ഷിതമായി പൊങ്കാലയിടാന്‍ ഭക്തജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മേയർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *