രാത്രി ഒരു മണിക്ക് ഭീകര ശബ്ദം കേട്ടതോടെ കുന്നിന് മുകളിൽ ഓടിക്കയറി രക്ഷിക്കണമെന്ന് അപേക്ഷിച്ച് പ്രദേശവാസി
മുണ്ടക്കൈ : രാത്രി ഒരു മണിക്ക് ഭീകരമായ ശബ്ദം കേട്ടതോടെയാണ് തങ്ങൾ മദ്രസക്ക് സമീപത്തെ കുന്നിൽ ഓടിക്കയറിയതെന്ന് കുടുങ്ങിക്കിടക്കുന്ന മിന്നത്ത് എന്ന സ്ത്രീ പറയുന്നു. 150 ഓളം പേരാണ് ഈ കുന്നിൽ കുടുങ്ങിക്കിടക്കുന്നത്. നിരവധി പേർ ഗുരുതര പരുക്കേറ്റ് കിടക്കുകയാണ്. എന്തു ചെയ്യണമെന്ന് പോലും അറിയില്ലെന്നാണ് ഇവർ പറയുന്നത്. രാവിലെ വെളിച്ചം വീണതോടെയാണ് കുന്നിന് കീഴെ സകലതും ഒലിച്ചു പോയതായി കണ്ടത്. മുണ്ടക്കൈ ടൗൺ ഒറ്റയടിക്ക് കാണാതായി. വെള്ളത്തിൽ ഒഴുകി പോയ മൂന്ന് പേരെയാണ് തങ്ങള്‍ക്ക് രക്ഷിക്കാൻ സാധിച്ചതെന്ന് മിന്നത്ത് പറയുന്നു. നിലവിൽ രക്ഷാ പ്രവർത്തകർക്കു പ്രദേശത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് മദ്രസയ്ക്ക് സമീപത്തെ കുന്നിലുള്ളതെന്ന് മിന്നത്ത് പറയുന്നു.വയോധികരായ രണ്ടു പേർ ചോരയൊലിപ്പിച്ചാണ് കിടക്കുന്നത്. ഗുരുതരമായ പരുക്കാണ് ഇവർക്കുള്ളത്. നിസ്സഹായാവസ്ഥയിലാണ് തങ്ങളുള്ളതെന്നും മിന്നത്ത് പറയുന്നു.