മുണ്ടക്കൈ-ചൂരൽമല ദുരന്തം: 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും

0
vayanatu

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തം ബാധിച്ച 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താനും, ദുരന്തത്തിൽ കടകളും വാണിജ്യ സ്ഥാപനങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കുള്ള പണം ഡിസംബർ 31 വരെ അനുവദിക്കാനും ഈ ഇനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 6 കോടി രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ഇതോടെ ആകെ പുനരധിവാസ പട്ടികയിൽ ഉള്ള ഗുണഭോക്താക്കളുടെ എണ്ണം 451 ആയി. നേരത്തെ 402 പേർക്ക് എൽസ്റ്റണിലെ ടൗൺഷിപ്പിൽ വീട് അനുവദിച്ചിരുന്നു.

ദുരന്തത്തിൻ്റെ ഒന്നാം വാർഷിക ദിനമായ ബുധനാഴ്ച മേപ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കവേ റവന്യു മന്ത്രി കെ. രാജനാണ് ഈ വിവരങ്ങൾ അറിയിച്ചത്.

ദുരന്തത്തിൻ്റെ സ്മാരകം പുത്തുമല ഹൃദയഭൂമിയിൽ നിർമ്മിക്കാൻ 93.93 ലക്ഷം രൂപ അനുവദിച്ചു. ഓണത്തിന് മുമ്പ് നിർമ്മാണം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. വീടിനായുള്ള ഗുണഭോക്തൃ പട്ടികയിൽ അപേക്ഷ നൽകിയ 100-ലേറെ പേരുടെ ഹിയറിങ് പൂർത്തിയായി. പരിശോധനകൾക്ക് ശേഷം അർഹതപ്പെട്ടവരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പട്ടികപ്രകാരം ഉൾപ്പെടുത്തും. ഉൾപ്പെടാത്തവരെ ദുരന്ത അതിജീവിതർക്കുള്ള മറ്റ് പദ്ധതികളിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടോ എന്നും പരിശോധിക്കും. ഫീൽഡ് തല പരിശോധന ഓഗസ്റ്റ് മാസം തന്നെ തുടങ്ങും.

ദുരന്തമേഖലയിലെ ആദിവാസി വിഭാഗത്തിൻ്റെ പുനരധിവാസത്തിനായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല പുതിയ വില്ലേജിൽ സർക്കാർ കണ്ടെത്തിയ അഞ്ച് ഹെക്ടർ ഭൂമിയുടെ ‘റെക്കോർഡ് ഓഫ് റൈറ്സ്’ ലഭ്യമാക്കാൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ച് കുടുംബങ്ങളും ഏറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ച് കുടുംബങ്ങളും പുതിയ വില്ലേജിലെ മൂന്ന് കുടുംബങ്ങളുമടക്കം 13 കുടുംബങ്ങൾക്കാണ് ഇവിടെ വീടും 10 സെൻ്റ് ഭൂമിയും നൽകുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *