മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും

0

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും. മേഖലയിൽനിന്നും കാണാതായവരെക്കുറിച്ചുള്ള വിവരശേഖരണം, പട്ടിക തയ്യാറാക്കൽ, ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളിലെ പ്രവർത്തനങ്ങളുടെ ഏകോപനം, നാശനഷ്ടക്കണക്ക് തയ്യാറാക്കൽ, കൗൺസിലർമാരുടെയും മാലിന്യശേഖരണ പ്രവർത്തനങ്ങളുടെയും ഏകോപനം തുടങ്ങിയ വിവിധ ചുമതലകളും വകുപ്പ് ഏറ്റെടുക്കും. മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ തദ്ദേശവകുപ്പിന്റെ ഉന്നതതലയോഗം തിങ്കളാഴ്ച രാവിലെ കല്പറ്റയിൽചേരും.

മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലാണ് ഉരുൾപൊട്ടൽ ബാധിച്ചത്. ഇവിടെ 1721 വീടുകളിലായി 4833 പേർ ഉണ്ടായിരുന്നതായാണ് കണക്ക്. പത്താംവാർഡായ അട്ടമലയിൽ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാംവാർഡായ മുണ്ടെക്കെയിൽ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാർഡായ ചൂരൽമലയിൽ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്.

തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനിൽ കിട്ടുന്നതിനാൽ ഇവ ലഭ്യമാക്കാൻ മറ്റ് തടസ്സങ്ങളില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ പുനരധിവാസം, നിലവിലുള്ള വീടുകളുടെയും കിണർ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളുടെയും ശുചീകരണം തുടങ്ങിയവയ്ക്കും വകുപ്പ് മുന്നിട്ടിറങ്ങും. കുടുംബശ്രീയുടെ സഹായവുമുണ്ടാകും.

ഡി.എൻ.എ. പരിശോധന; ബന്ധുക്കളുടെ രക്തസാംപിളുകൾ ശേഖരിക്കുന്നു

ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ആരുടേതെന്ന് കണ്ടെത്താനുള്ള ശാസ്ത്രീയപരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാംപിളുകൾ ശേഖരിച്ചുതുടങ്ങി.

രക്തപരിശോധനയ്ക്ക് തയ്യാറായിട്ടുള്ളവർക്ക് കൗൺസലിങ് നൽകിയശേഷമാണ് സാംപിൾ ശേഖരിക്കുന്നത്. മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ തുടങ്ങിയ അടുത്ത രക്തബന്ധുമുള്ളവരുടെ സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിക്കുന്നത്.

ജില്ലാ ആശുപത്രിയിലെ ബ്ലഡ്ബാങ്ക് മെഡിക്കൽഓഫീസർ ഡോ. ബിനുജ മെറിൻജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും പഞ്ചായത്തുഹാളിലുമാണ് രക്തസാംപിളുകൾ ശേഖരിക്കുന്നത്. അടുത്തദിവസംമുതൽ മേപ്പാടി എം.എസ്.എ. ഹാളിലും രക്തസാംപിൾ ശേഖരിക്കും.

ജി.ഐ.എസ്. മാപ്പിങ് തുടങ്ങി

ദുരന്തമേഖലയിൽ യു.എൽ.സി.സി.എസിന്റെ നേതൃത്വത്തിൽ നടത്തിയ ജി.ഐ.എസ്. മാപ്പിങ്ങിൽ തകർന്ന 25 കെട്ടിടങ്ങൾ കണ്ടെത്തി. വീടുകളും മറ്റുകെട്ടിടങ്ങളും ഉൾപ്പെടെയാണിത്. ഊരാളുങ്കൽ സൈബർപാർക്കിലെ ഊരാളുങ്കൽ ടെക്‌നോളജിക്കൽ സൊലൂഷൻസിലെ അനന്തുവിന്റെ നേതൃത്വത്തിലാണ് മാപ്പിങ്.

പുഞ്ചിരിമട്ടത്തെ തകർന്ന വീടുകൾ, പുഴയുടെ സ്ഥാനം തുടങ്ങിയ വിവരങ്ങൾ കണ്ടെത്താനാണ് മാപ്പിങ്. നേരത്തേയുള്ള സാറ്റലൈറ്റ് മാപ്പും അതിനുശേഷമുള്ള ഡ്രോൺ പരിശോധനയിലെ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് പരിശോധന. ഇവ തമ്മിൽ താരതമ്യംചെയ്തുള്ള മാപ്പ് കിട്ടിയശേഷം ഞായറാഴ്ച വൈകീട്ടോടെയാണ് മാപ്പിങ് തുടങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *