മുണ്ടക്കൈയിലേക്ക് നിര്‍മിക്കുന്നത് 85 അടിനീളമുള്ള പാലം

0

മേപ്പാടി : ഉരുൾപൊട്ടിയ വയനാട് മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികളുമായി അധികൃതർ. താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം ഉച്ചയ്ക്ക് തുടങ്ങും. താല്‍ക്കാലിക പാലത്തിന്റെ ഭാഗങ്ങള്‍ കരമാര്‍ഗവും ഹെലികോപ്റ്ററിലും എത്തിക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. 85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുക, ചെറിയ മണ്ണുമാന്തി ഉള്‍പ്പെടെ പോകാനാവും. മഴ മാറി നില്‍ക്കുന്നത് ആശ്വാസം നല്‍കുന്നുണ്ടെന്നും, പുഴയിലെ ഒഴുക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാർഗം അടഞ്ഞതാണ് ഇന്നലെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. ഉരുൾപൊട്ടലുണ്ടായി ഏകദേശം 13 മണിക്കൂറുകൾക്കുശേഷമാണ് മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർക്ക് കടക്കാനായത്. താൽക്കാലികമായി ചെറിയ പാലം നിർമിച്ചെങ്കിലും പുഴയുടെ പകുതി വരെ മാത്രമായിരുന്നു നീളം.

ബലമുള്ള പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം കുറച്ചുകൂടി സുഗമമാകും. മുണ്ടക്കൈ ഭാഗത്ത് അന്‍പതിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഉരുൾപൊട്ടൽ കണ്ട് ഓടിരക്ഷപ്പെട്ടു മുണ്ടക്കൈയിലെ റിസോർട്ടിലും മദ്രസയിലും ഇൻസ്പെക്‌ഷൻ ബംഗ്ലാവിലും കുന്നിൻമുകളിലും എത്തിയ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ കയറിനിൽക്കുന്നവരെ പൂർണമായും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ രാത്രി വൈകിയും കഴിഞ്ഞിട്ടില്ല. മലവെള്ളത്തിൽ വന്നടിഞ്ഞ വൻമരങ്ങൾക്കിടയിലും ആളുകളുണ്ടെന്നു സംശയിക്കുന്നു. മുണ്ടക്കൈ കേന്ദ്രീകരിച്ചാകും രണ്ടാംദിനത്തെ രക്ഷാപ്രവർത്തനം. നിലവിൽ 191 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. വയനാട് ദുരന്തത്തിന്റെ ഭാഗമായി 45 ദുരിതാശ്വാസ കാംപുകള്‍ തുറന്നിട്ടുണ്ട്. 3069 പേരാണ് ദുരിതാശ്വാസ കാംപുകളിൽ കഴിയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *