മുനമ്പം ഭൂമി വിഷയം: വി ഡി സതീശൻ്റെ നിലപാട് തള്ളി കെ എം ഷാജി
മലപ്പുറം: മുനമ്പം വഖഫ് ഭൂമിയല്ലന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവന തള്ളി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും കെ എം ഷാജി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കി.
മുനമ്പത്തെ യഥാർത്ഥ പ്രതികൾ ആരാണെന്ന് ചോദിച്ച കെ എം ഷാജി അവിടെ ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ല പ്രതികളെന്നും അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അവർക്ക് വിറ്റത് ആരാണെന്നാണ് സർക്കാർ കണ്ടെത്തേണ്ടതെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അല്ലെന്ന് പറയാൻ ഫാറൂഖ് കോളേജിന് എന്താണ് അധികാരമെന്നും കെ എം ഷാജി ചോദിച്ചു. വഖഫ് ചെയ്തതിന് രേഖകൾ ഉണ്ടെന്നും കെ എം ഷാജി ചൂണ്ടിക്കാണിച്ചു. പെരുവള്ളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് നേരത്തെ വി ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു. മുനമ്പം വിഷയത്തിൽ കള്ളക്കളിയെന്നും പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. മുനമ്പം വിഷയത്തിലൂടെ ബിജെപിക്ക് സ്പെയ്സ് ഉണ്ടാക്കിക്കെടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. മുനമ്പത്ത് ബിജെപിയുടെ വർത്തമാനത്തിന് വഖഫ് ബോർഡ് ചെയർമാൻ പിൻബലം കൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു.