മുനമ്പം : അടുത്തമാസം റിപ്പോർട്ട് സമർപ്പിക്കും :ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ.
എറണാകുളം : മുനമ്പം വിഷയത്തിൽ അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ. വഖഫ് ബോർഡിന്‍റെ മറുപടിക്ക് ശേഷം കലക്‌ടറേറ്റിൽ ഹിയറിങ് തുടങ്ങുമെന്ന് സിഎൻ രാമചന്ദ്രൻ അറിയിച്ചു. മുനമ്പം സന്ദർശനത്തിന് ശേഷമായിരുന്നു കമ്മിഷന്‍റെ പ്രതികരണം.സാധാരണക്കാരായ ജനങ്ങൾ വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തെ ഭൂമി പ്രശ്‌നം പരിശോധിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജനുവരിയില്‍ ഹിയറിങ് ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു. കക്ഷികള്‍ക്ക് കമ്മിഷന്‍ നോട്ടിസ് അയയ്ക്കുകയും ചെയ്‌തിരുന്നു. മുനമ്പത്തെ ഭൂമി പ്രശ്‌നം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ വഖഫ് ബോര്‍ഡ്, വഖഫ് സംരക്ഷണ സമിതി, ഫറൂഖ് കോളജ്, മുനമ്പം നിവാസികളുടെ പ്രതിനിധികള്‍ എന്നിവരോടാണ് നിലപാട് അറിയിക്കാന്‍ കഴിഞ്ഞമാസം ആവശ്യപ്പെട്ടത്.ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടത് അടക്കം വിവരങ്ങള്‍ കമ്മിഷനെ അറിയിക്കാന്‍ രണ്ടാഴ്‌ചത്തെ സമയപരിധിയാണ് കമ്മിഷൻ നല്‍കിയത്. എറണാകുളം കലക്‌ട്രേറ്റിലാണ് കമ്മിഷന് ഹിയറിങ് ആരംഭിക്കുക. ഭൂമിയുടെ കിടപ്പ്, വ്യാപ്‌തി, സ്വഭാവം എന്നിവ കമ്മിഷന്‍ പരിശോധിക്കും.