മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണം: മുസ്‌ലിം സംഘടനാ നേതാക്കൾ
കോഴിക്കോട്: ചിറായി മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ട് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം. വർഷങ്ങളായി അവിടെ താമസിക്കുന്ന ആളുകൾക്ക് അവർ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തിൽ വിദ്വേഷമുണ്ടാക്കുന്ന എന്ന ലക്ഷ്യത്തോടെ ചില സ്വാർത്ഥ താൽപര്യക്കാർ പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തെ ദോഷകരമായി ബാധിക്കും.
പ്രസ്തുത ഭൂമിയുടെ ആധാരത്തിന്റെ നിയമപരമായ വ്യാഖ്യാനം സംബന്ധിച്ചുള്ള തർക്കം വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹരിക്കാൻ കഴിയില്ല എന്നിരിക്കെ, ഭരണഘടനാവിരുദ്ധമായ ബില്ലിനെ ന്യായീകരിക്കാനായി ഈ തർക്കത്തെ സ്ഥാപിത താൽപര്യക്കാർ ഉപയോഗപ്പെടുത്തുകയാണ്. ഏത് പരിതസ്ഥിതിയിലും മതസൗഹാർദ്ദം മുറുകെ പിടിക്കുന്ന കേരള സമൂഹത്തിന് ഇതൊരു കളങ്കമാണ്. നീണ്ടുപോകുന്ന കോടതി നടപടികൾ ഒഴിവാക്കി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്താൻ സർക്കാർ നടപടികൾ തുടങ്ങണമെന്നും അതിനായി സർക്കാർ നേരിട്ടോ ഒരു കമ്മിഷൻ മുഖേനയോ ബന്ധപ്പെട്ട് സത്വര നടപടികൾ സ്വീകരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമവായത്തിലെത്താനുള്ള പരിശ്രമങ്ങൾക്കും തുടർന്ന് സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും മുസ്‌ലിം സംഘടനകൾ പൂർണ സഹകരണം വാഗ്ദാനം ചെയ്തു