മുംബൈ:ആത്മവിശ്വാസവും കരുത്തും പകർന്നുതന്ന നഗരം

0
premamenon

premabacad28e 933b 47a3 a465 f6c13d14777a

“ഗുരുവായൂരിനടുത്ത് കോട്ടപ്പടിയിലാണ് എന്റെ ജന്മഗേഹം. ഏതൊരു ശരാശരി മലയാളി പെൺകുട്ടികളുടേതു പോലെ തന്നെ “അരുതുകളുടെ അസ്വാതന്ത്ര്യ ചങ്ങലയിൽ” അടങ്ങിയൊതുങ്ങിക്കഴിഞ്ഞ ബാല്യവും, കൗമാരവും. ആൺക്കുട്ടികൾ സ്വതന്ത്രമായി വിഹരിച്ചിരുന്ന ഒരു വിധം രംഗങ്ങളെല്ലാം തന്നെ പെൺക്കുട്ടികൾക്ക് അപ്രാപ്യം. ഇനി ആരെങ്കിലുമൊന്ന് ഈ പാരതന്ത്ര്യം മറികടക്കാൻ ശ്രമിച്ചാലോ അവൾ തന്റേടി, ധിക്കാരി, ഒരുമ്പട്ടവൾ എന്നൊക്കെ മുദ്രകുത്തപ്പെടും. സ്വന്തം സർഗ്ഗാത്മകത പ്രകടിപ്പിക്കാനുള്ള ഏക മാർഗ്ഗം വിദ്യാലയങ്ങളിലെ കലാ-കായിക മത്സര വേദികൾ മാത്രം.
എന്റെ ഭാഗ്യമെന്ന് പറയട്ടെ വിവാഹാനന്തരമുള്ള പ്രവാസ ജീവിതമാണ് എന്നെ ഞാനാക്കിയത്. എൻ്റെ പ്രവാസ ജീവിതം ആരംഭിക്കുന്നത് 1986 ൽ ദുബായിൽ നിന്നുമാണ്. പിന്നീട് 1992 മുതൽ 1994 വരെ ചെന്നൈയിലും തുടർന്ന് കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി മഹാരാഷ്ട്രയിലെ താനെയിലുമാണ്.
മൂന്ന് പതിറ്റാണ്ടായി ജന്മദേശം വിട്ട് ജീവിക്കുന്ന എനിക്ക് ഒരു വ്യക്തിത്വമുണ്ടാക്കി തന്നത് ഈ നഗര ജീവിതമാണ്. എന്റെ പിതാവ് പരേതനായ എം.പി പണിക്കർ തികഞ്ഞ ഒരു സാമൂഹിക പരിഷ്ക്കർത്താവായിരുന്നു. മെർച്ചന്റ് നേവിയിലായിരുന്നപ്പോൾ ലോകമെമ്പാടും സഞ്ചരിച്ച് നേടിയ അറിവും ലോക പരിചയവും സമൂഹത്തിനു വേണ്ടി സമർപ്പിച്ച ധീരനേതാവ്. അമ്മ ആത്മീയകാര്യങ്ങളിലും, കാരുണ്യ പ്രവർത്തനങ്ങളിലും മറ്റുള്ളവർക്ക് മാതൃക. മാതാപിതാക്കളിൽ നിന്നും ഗുരുജനങ്ങളിൽ നിന്നും സ്വാംശീകരിച്ച ചില മൂല്യങ്ങളാവാം പിന്നീട് പ്രവാസ ജീവിതത്തിൽ സാമൂഹിക-സാംസ്ക്കാരിക – കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രചോദനമായത് എന്ന് ഞാൻ വിശ്വസിക്കുന്നു.

1996 ൽ മഹാരാഷ്ട്രയിലെ താനെ എന്ന സ്ഥലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കായി ഇംഗ്ലീഷ് മീഡിയം വിദ്യാലയം സ്ഥാപിക്കുക എന്ന പ്രധാന ലക്ഷ്യവുമായി ‘മലനാട് എഡ്യുക്കേഷനൽ & വെൽഫയർ അസ്സോസ്സിയേഷൻ’ റജിസ്റ്റർ ചെയ്യുകയും വിദ്യാനികേതൻ ഇംഗ്ലീഷ് സ്ക്കൂൾ സ്ഥാപിക്കുകയും അതിന്റെ മുഖ്യ സാരഥികളിലൊരാളായി നാളിതുവരെ സേവനം അനുഷ്ഠിക്കുവാനും സാധിച്ചു.
ആദ്യകാലങ്ങളിൽ താനെയിൽ മാത്രമൊതുങ്ങുന്ന സാമൂഹ്യ സേവനം ക്രമേണ പ്രാന്ത പ്രദേശങ്ങളിലേക്കുമായി വ്യാപിച്ചു. കേരളീയ കേന്ദ്ര സംഘടന, ആത്മ, വർത്തക് നഗർ അയ്യപ്പ ഭക്ത സേവാ സംഘം തുടങ്ങി നിരവധി സംഘടനകളിൽ അംഗമാകുവാനും പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവാനും സാധിച്ചു.
സംസ്ഥാന ഗവർമെൻറിന്റെ മലയാളം മിഷൻ മുംബൈയിൽ പ്രാവർത്തികമായപ്പോൾ തുടക്കം മുതൽ നാളിതുവരെ മാതൃഭാഷാ പരിപോഷണ പ്രവർത്തനങ്ങൾ ചെയ്യുവാനും അവസരമുണ്ടായി. പിന്നീട് 2011 മുതൽ ആൾ ഇന്ത്യ മലയാളി അസ്സോസിയേഷന്റെ മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും, നാഷനൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായും തുടർന്ന് ‘എയ്മ ‘വനിതാ വിഭാഗം നാഷനൽ ചെയർപേഴ്സണും ആയതോടെ മഹാഷ്ട്ര സംസ്ഥാനത്തു മാത്രമല്ല മററു സംസ്ഥാനങ്ങളിലേക്കും സാമൂഹിക- കാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാൻ സാധിച്ചു.

പിന്നീട് ലോക കേരളസഭയാഥാർത്ഥ്യമായപ്പോൾ രണ്ട് തവണ ലോക കേരള സഭാംഗമായി സർക്കാരിനൊപ്പം വിവിധ കർമ്മപദ്ധതികളിൽ ഭാഗഭാക്കാവാനും സാധിച്ചു. ഗവ. സമാഗ്രശിക്ഷ അഭിയാനും, എയ്മയും,സ്മാർട്ട് വിംഗ്സ് കോഴിക്കോടുമായി സഹകരിച്ച് ഭിന്ന ശേഷിക്കാരായ പാവപ്പെട്ട കുട്ടികൾക്കു വേണ്ടി വിവിധ സംസ്ഥാനങ്ങളിലായി നിരവധി വിനോദ – വിജ്ഞാന യാത്രകൾ സംഘടിപ്പിക്കാനായതും, മഹാരാഷ്ട്രയിലെ അനാഥക്കുട്ടികൾക്കായി കേരളത്തിൽ സഹവാസ ക്യാമ്പുകൾ, മുംബൈയിലെ കുട്ടികൾക്കായുള്ള റസിഡൻഷ്യൽ ക്യാമ്പുകൾ, എയ്മ ത്വരിത കർമ്മസേന പ്രവർത്തനങ്ങൾ, എയ്മവോയ്സ് മ്യൂസിക് റിയാലിറ്റി ഷോ, പ്രളയം – കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അങ്ങിനെ നിത്യ ജീവിതത്തിൻ്റെ ഭാഗമായി നിരന്തരമായ സാമൂഹ്യ സേവനപ്രവർത്തനങ്ങളിൽ ഇടപെടാൻ സാധിച്ചതും ഈ പ്രവാസ ജീവിതത്തിൽ തന്നെ. “പരോപകാരാർത്ഥമിദം ശരീരം” എന്ന ആപ്തവാക്യം അന്വർത്ഥമാക്കുവാനുള്ള സന്ദർഭവും, സാഹചര്യവും എനിക്ക് ലഭിച്ചത് പ്രവാസ കാലത്താണ് എന്ന് നിസ്സംശയം പറയാനാവും.നിയമത്തിൽ ബിരുദാനന്തര ബിരുദമെടുത്ത് അഭിഭാഷകയായതും മുംബൈയിലെ തിരക്കുപിടിച്ചു പ്രവാസജീവിതത്തിനിടയിൽ തന്നെ എന്ന് തികച്ചും വിനയത്തോടെ എന്നാൽ തെല്ലൊരഭിമാനത്തോടെ പറയട്ടെ.

71bb61aa 7247 42cf 97ab 834d730782c246169e23 1c97 4d0f 9f9a 514ff37853df

കോവിഡ് കാലം മുതൽ രണ്ട് വർഷത്തോളം ‘എയ്മ മ്യൂസിക് വിത്ത് ഡിന്നർ ‘എന്ന ഓൺലൈൻ സംഗീത പ്രോഗ്രാമിൽ അനവധി ഗായകർക്കൊപ്പം അവതാരകയാവാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. ഭരതനാട്യം, മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങളിൽ പ്രാവീണ്യം നേടി ഗുരുവായൂർ, മൂകാംബിക ക്ഷേത്രങ്ങൾ തുടങ്ങി നിരവധി വേദികളിൽ ശാസ്ത്രീയ നൃത്തം അവതരിപ്പിക്കാനായതും സുകൃതമായി കാണുന്നു. അടുത്തയിടെ ഗുരുപവനപുരേശം എന്ന മ്യൂസിക് ആൽബത്തിൽ അഭിനയിക്കാനും സാധിച്ചു. ഭിന്നശേഷി കുട്ടികളുടെ മുംബൈ ദർശൻ വേളയിൽ ഷൺമുഖാ നന്ദ ഹാളിൽ വെച്ച് തൈക്കുടം ബ്രിഡ്ജ് ബാൻഡിൻ്റെ പ്രോഗ്രാം വിജയകരമായി നടത്തി ശരീരം തളർന്ന രണ്ട് കുട്ടികൾക്ക് ഇലക്ട്രോണിക് വീൽചെയർ നൽകാനായതും ചാരിതാർത്ഥ്യം നൽകുന്നു. സാമൂഹിക പ്രവർത്തനങ്ങൾക്ക് നിരവധി പ്രശസ്തമായ അവാർഡുകൾ ലഭിച്ചതും ഈ പ്രവാസജീവിതത്തിൽ തന്നെയാണ്.
മുംബൈ  ജീവിതത്തിൽ ഏതു മേഖലയിലും എനിക്ക് അർഹിക്കുന്ന ബഹുമാനവും, സ്നേഹവും, അംഗീകാരവും ലഭിച്ചിട്ടുണ്ട് എന്ന വസ്തുത ഞാൻ കൃതജ്ഞതയോടെ, കൃതാർത്ഥയോടെ ഓർക്കുന്നു. എങ്കിലും..തുറന്ന് പറയുകയാണെങ്കിൽ സാമുഹികരംഗത്ത് എന്റെ പാതകൾ വളരെ സുഗമമായിരുന്നൊന്നുമില്ല. എങ്കിലും,എക്കാലത്തും കല്ലും മുള്ളുമൊന്നും വകവെക്കാതെയുള്ള പ്രയാണമായിരുന്നു.
“ആത്മാവിൻ സ്പന്ദനം പാടെ നിൽക്കും വരെ ആത്മസമർപ്പിതമാകുമെൻ കർമ്മങ്ങൾ “, “ആത്മസമർപ്പണം ” എന്ന എന്റെ കവിതയിലെ അവസാന ഈരടികൾ തന്നെയാണ് എൻ്റെ ജീവിത ദർശനവും.

ഇനിയും സംഘടനാ പ്രവർത്തനങ്ങളിൽ കാതലായ, കലാനുസൃതമായ മാറ്റം അനിവാര്യമാണ് എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം. ഇനി വരും നാളുകളിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സ്ത്രീ സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമാവണം. നേതൃസ്ഥാനങ്ങളിൽ കഴിവുറ്റ സ്ത്രീകൾക്ക് അർഹിക്കുന്ന അവസരം നൽകാൻ സംഘടനാ പ്രവർത്തകർ സന്നദ്ധരാവണം. സ്ത്രീ-പുരുഷ ഭേദമെന്യേ സംഘടിതമായി പ്രവർത്തിച്ച് സാമൂഹ്യ സേവനത്തിന്റെ പുതിയ മാനം കണ്ടെത്താൻ മലയാളി സംഘടനകൾക്ക് സാധ്യമാവണം. കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവാസ ജീവിതം സമ്പുഷ്ടമാക്കാൻ സ്ത്രീ പുരുഷ ഭേദമെന്യേ ഏതൊരു പ്രവാസിക്കും സാധ്യമാവട്ടെ എന്നാശംസിക്കുന്നു.അതോടൊപ്പം എനിക്ക് എന്നും തണലും കരുത്തും നൽകിയ ഈ മഹാനഗരത്തോടും ഒരായിരം നന്ദി ” – പ്രേമ മേനോൻ

94a93a81 242f 4d8a a17a 1ca55d44ea52eecfcda9 df7d 4b9e a578 abfa9fc00692

അഡ്വ.പ്രേമ മേനോൻ

പൊതുരംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് എന്നും ഒരു പ്രചോദനമാണ് പ്രേമമേനോൻ .മുംബൈയിൽ ഒരു അഭിഭാഷകയായി പ്രവർത്തിക്കുമ്പോഴും സാമൂഹ്യസാംസ്കാരികരംഗത്ത് സജീവസാന്നിധ്യം .പുരുഷന്മാർക്കു മേധാവിത്വമുള്ള പല പ്രവർത്തനമേഖലയിലും പ്രേമാജിയേയും കാണാം .
ഭർത്താവ് ആയുർവ്വേദ ഡോക്ടർ രാംദാസിൻ്റെ സഹകരണവും പ്രോത്സാഹനവും കൊണ്ടാണ് ഇത്രയും സ്വാതന്ത്ര്യത്തോടെ സാമൂഹിക രംഗത്ത് പ്രവർത്തിക്കാൻ സാധ്യമാകുന്നത് എന്ന് പ്രേമമേനോൻ പറയുന്നു. മക്കൾ രണ്ടു പേരും ചെറിയ പ്രായം മുതൽ കലാ സാംസ്ക്കാരികരംഗത്ത് കൂടെത്തന്നെയുണ്ടായിരുന്നു. .
മകൻ നിരഞ്ജ് മേനോൻ മുംബൈ നാടക രംഗത്തിലൂടെ വളർന്ന് , സീരിയലുകളിലൂടെ ഇന്ന് മലയാളം സിനിമയിൽ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. രണ്ടാമത്തെ മകൻ ശ്രീരഞ്ജ് മേനോൻ മികച്ചയൊരു ഗായകനാണ്. മുംബൈയിൽ ത്രിലോക ബാൻഡ്, പൈതൃകം ഓർക്കസ്ട്ര തുടങ്ങിയവയിലൂടെ ഒരുപാട് സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വിദേശത്ത് ഉപരിപഠനം കഴിഞ്ഞ് ഇപ്പോൾ യു.കെ യിൽ ജോലി ചെയ്യുന്നു ഒപ്പം സംഗീതത്തേയും ചേർത്തു നിർത്തുന്നു.

തയ്യാറാക്കിയത് : നിഷ മനോജ്

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *