അറുപത്തിന്റെ നിറവിൽ മുംബൈ ശ്രീനാരായണ മന്ദിരസമിതി; വാർഷികാഘോഷത്തിൽ ആയിരങ്ങൾ പങ്കെടുക്കും
മുംബൈ: കേരളത്തിന് പുറത്തെ ഏറ്റവും പ്രമുഖമായ ശ്രീ നാരായണ പ്രസ്ഥാനമായ ശ്രീനാരായണ മന്ദിരസമിതി അറുപത്തിന്റെ നിറവിലേക്ക്. ഫെബ്രുവരി 17 , 18 ദിവസങ്ങളിലായി സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ നടക്കുന്ന ആഘോഷപരിപാടി കൾക്ക് ശനിയാഴ്ച 10 .30 നു തിരിതെളിയും. തുടർന്ന് ഒരു മണിവരെ കലാപരിപാടികൾ. ഒന്നുമുതൽ രണ്ടുവരെ മഹാപ്രസാദം. 2 മുതൽ പൊതുസമ്മേളനം ആരംഭിക്കും. 3 .40 മുതൽ കലാപരിപാടികൾ തുടരും.രണ്ടാം ദിവസമായ ഞായറാഴ്ച വൈകീട്ട് 4 മുതൽ തവം ഗ്രാമവേദി അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ. 5 .30 മുതൽ നാലായിരത്തിലധികം പേർ പങ്കെടുക്കുന്ന മെഗാ തിരുവാതിര. തിരുവാതിരയ്ക്കു ശേഷം പൊതു സമ്മേളനം ആരംഭിക്കും. 8 .30 മുതൽ നാടൻ പാട്ടുകൾ തുടരും.
1963 ൽ ഗുരുഭക്തരായ ഏതാനും ചിലർ ചേർന്ന് രൂപം കൊടുത്ത ശ്രീ നാരായണ മന്ദിര സമിതി ഇന്ന് മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി വളർന്നു പടർന്നു പന്തലിച്ചിരിക്കുന്നു. 41 യൂണിറ്റുകളിലായി 16 ,000 ൽ പരം അംഗങ്ങളും കോടികളുടെ ആസ്തിയുമായി വിദ്യാഭ്യാസ – സേവന രംഗങ്ങളിൽ ഒരു നിറസാന്നിധ്യമായി മാറിയിരിക്കുന്ന ശ്രീ നാരായണ മന്ദിര സമിതി ഒരു ഡീംഡ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. സമിതിയുടെ ചെമ്പൂർ എഡ്യൂക്കേഷൻ കോംപ്ലക്സ് , ഉൽവയിലെ ശ്രീ നാരായണ ഗുരു ഇന്റർനാഷണൽ സ്‌കൂൾ എന്നിവിടങ്ങളിലായി 12 ,000ത്തിലധികം കുട്ടികൾ പഠിക്കുന്നു. എൽ. കെ.ജി മുതൽ പോസ്റ്റ് ഗ്രാഡുവേഷൻ വരെയുള്ള കോഴ്‌സുകൾക്ക് പുറമെ തൊഴിലധിഷ്ഠിത കോഴ്‌സുകളും ടിസ് പോലെയുള്ള സ്ഥാപങ്ങളുമായി സഹകരിച്ചുകൊണ്ട് നടത്തിവരുന്നു.
പാൽഘർ ജില്ലയിലെ സാരാവലി പഞ്ചായത്തിൽ 12 ,120 ചതുരശ്ര മീറ്റർ സ്ഥലത്ത് 2023 ഏപ്രിലിൽ ആരംഭിച്ച സ്‌കൂളിന്റെ നിർമാണം ധ്രുതഗതിയിൽ നടന്നുവരുന്നു. സമിതിയുടെ സാന്നിധ്യം എത്തിയിട്ടില്ലാത്ത സ്ഥലങ്ങളിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കുകയും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും വയോജന വിശ്രമ കേന്ദ്രങ്ങൾ ഉൾപ്പടെ ജനോപകാരപ്രദങ്ങളായ നിരവധി പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് സമിതി അറുപതാം വാർഷികം ആഘോഷിക്കുന്നതെന്ന് സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ, ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് എന്നിവർ പറഞ്ഞു.