ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്തയെ 8 വിക്കറ്റിന് തകര്‍ത്തു. 117 റണ്‍സ് വിജയലക്ഷ്യം 43 പന്ത് ബാക്കി നില്‍ക്കെ മറികടന്നു.രോഹിത് ശര്‍മ (13), വില്‍ ജാക്ക്സ് (16) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. രോഹിത് 12 പന്തില്‍ 13 റണ്‍സ് നേടി. 16 റണ്‍സുമായി വില്‍ ജാക്‌സ് മടങ്ങി. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് 9 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടി. 41 പന്തില്‍ 5 സിക്‌സറുകളും 4 ബൗണ്ടറികളും സഹിതം 62 റണ്‍സ് നേടിയ റിക്കല്‍ട്ടണ്‍ പുറത്താകാതെ നിന്നു.ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം വിഗ്നേഷ് പുത്തൂര്‍ മുംബൈയുടെ ആദ്യ ഇലവനില്‍ ഇടം നേടി. രോഹിത് ശര്‍മ ഇമ്പാക്ട് പ്ലെയറായി. കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ വന്‍ ബാറ്റിംഗ് തകര്‍ച്ചയാണ് നേരിട്ടത്. 45 റണ്‍സ് എടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി. 80 റണ്‍സ് എടുക്കുന്നതിനിടെ 7 വിക്കറ്റ് നഷ്ടം. നാല് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ അശ്വനി കുമാറാണ് കൊല്‍ക്കത്തയുടെ നട്ടെല്ലൊടിച്ചത്. വിഗ്നേഷ് പുത്തൂര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
26 റണ്‍സെടുത്ത ഇംപാക്ട് പ്ലെയര്‍ അംഗ്രിഷ് രഘുവന്‍ഷിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആദ്യ രണ്ട് മത്സരങ്ങളിലും മുംബൈ തോറ്റാണ് തുടങ്ങിയത്. പല രീതിയിലുള്ള പരിഹാസങ്ങളും ഇതേ തുടര്‍ന്ന് ടീമിന് നേരിടേണ്ടി വന്നിരുന്നു.