ബോംബെ ഹൈക്കോടതി സമുച്ചയത്തിന് ഇന്ന് ഡി വൈ ചന്ദ്രചൂഡ് തറക്കല്ലിടും.
മുംബൈ: പുതിയ ബോംബെ ഹൈക്കോടതി സമുച്ചയത്തിന് ബാന്ദ്ര ഈസ്റ്റിലുള്ള (ഗവ. കോളനി ഗ്രൗണ്ട്, ഖേർവാദി, ബാന്ദ്ര(ഇ) ) ഇന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തറക്കല്ലിടും .30.16 ഏക്കർ ഭൂമി ഘട്ടംഘട്ടമായി ബോംബെ ഹൈക്കോടതിക്ക് കൈമാറുമെന്ന് മഹാരാഷ്ട്ര സർക്കാർ ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. ആദ്യഘട്ടമായ 4.39 ഏക്കർ ഇതിനകം കൈമാറിയിട്ടുണ്ട് . വിശാലമായ കോടതിമുറികൾ, ജഡ്ജിമാർക്കും രജിസ്ട്രി ജീവനക്കാർക്കും , വ്യവഹാരത്തിനും മധ്യസ്ഥതയ്ക്കുമുള്ള ചേമ്പറുകൾ , ഒരു ഓഡിറ്റോറിയം, ലൈബ്രറി എന്നിവ ഉൾക്കൊള്ളുന്ന ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന തരത്തിലാണ് പുതിയ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സൗകര്യം ജീവനക്കാർക്കും അഭിഭാഷകർക്കും വ്യവഹാരക്കാർക്കും നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.നിലവിലുള്ള ഹൈക്കോടതി സ്ഥാപിതമായത് 1962 ഓഗസ്റ്റ് 14 നാണ് .ഇത് സിഎസ്എംടി സ്റ്റേഷന് സമീപമുള്ള മുംബൈ ഫോർട്ട് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
ശിലാസ്ഥാപനത്തിനു മുന്നോടിയായി ഈ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുംബൈ ട്രാഫിക് പോലീസ് സെപ്റ്റംബർ 20-ന് തന്നെ ഒരു നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലെയും ബോംബെ ഹൈക്കോടതിയിലെയും ജഡ്ജിമാരും മറ്റ് വിവിഐപി വ്യക്തികളും ചടങ്ങിൽ സംബന്ധിക്കുന്നകാരണത്താൽ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനുമാണ് ബികെസി ഏരിയയിൽ വാഹന ഗതാഗതം വഴിതിരിച്ചുവിടുന്നതിന് ട്രാഫിക് മാനേജ്മെൻ്റ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.
ഇന്നുച്ചയ്ക്ക് 2:00 മുതൽ രാത്രി 9:00 വരെ ഒരു താൽക്കാലിക ട്രാഫിക് മാനേജ്മെൻ്റ് ഓർഡർ പ്രാബല്യത്തിൽ വരും.രാമകൃഷ്ണ പരമഹംസ മാർഗിനെയും ജെ എൽ ഷിർശേക്കർ മാർഗിനെയും ബന്ധിപ്പിക്കുന്ന ന്യൂ ഇംഗ്ലീഷ് സ്കൂൾ റോഡിൽ, ചടങ്ങുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. മുംബൈ ട്രാഫിക് പോലീസിൻ്റെ നിർദ്ദേശം അനുസരിച്ച്, ഗതാഗതം മഹാത്മാഗാന്ധി വിദ്യാ മന്ദിർ റോഡ് വഴി തിരിച്ചുവിടും. യാത്രക്കാർ അസൗകര്യം ഒഴിവാക്കാൻ ഈ ബദൽ വഴി സ്വീകരിക്കണം