ഡാമിനേക്കാള്‍ ബലക്ഷയം; ഇത് പൊതുശൗചാലയമല്ല, അങ്ങ് ഡല്‍ഹിയിലെ നമ്മുടെ മുല്ലപ്പെരിയാര്‍ ഓഫിസ്

0

തിരുവനന്തപുരം ∙ ഈ ചിത്രത്തില്‍ കാണുന്നത് പൊതുശൗചാലയമല്ല. അങ്ങ് ഡല്‍ഹിയില്‍, കേരളത്തിലെ ഏറ്റവും നീറുന്ന പ്രശ്‌നമായ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ഓഫിസാണ്. കേരള ഹൗസ് വളപ്പിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനേക്കാള്‍ ബലക്ഷയം തോന്നിപ്പിക്കുന്ന ഈ കെട്ടിടം.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകള്‍ ഉള്‍പ്പെടെ സൂക്ഷിക്കുന്നതും സ്‌പെഷല്‍ സെല്‍ പ്രവര്‍ത്തിക്കുന്നതും ഈ കെട്ടിടത്തിലാണ്. തമിഴ്‌നാടുമായി നിരന്തരം നിയമപോരാട്ടം നടത്താന്‍ നേതൃത്വം നല്‍കേണ്ട ഉദ്യോഗസ്ഥര്‍ ഇരിക്കുന്നതും ഈ കെട്ടിടത്തിലാണ്. തമിഴ്‌നാടിന്റെ മുല്ലപ്പെരിയാര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത് തമിഴ്‌നാട് ഹൗസില്‍ത്തന്നെയാണ്. കേസ് കൈകാര്യം ചെയ്യുന്നതില്‍ ഇരു സംസ്ഥാനങ്ങളും കാട്ടുന്ന ജാഗ്രതയും കരുതലും ഓഫിസ് സംവിധാനം ഒരുക്കിയിരിക്കുന്നതില്‍ത്തന്നെ പ്രകടമാണ്.

കേരള ഹൗസ് വളപ്പിലുള്ള നിയമവകുപ്പിന്റെ ഓഫിസ്.

കേരള ഹൗസ് വളപ്പിലുള്ള നിയമവകുപ്പിന്റെ ഓഫിസ്.

തൊട്ടടുത്തുള്ള നിയമവകുപ്പിന്റെ ഓഫിസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നിയമവകുപ്പ് അഡീഷനല്‍ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, സെക്‌ഷന്‍ ഓഫിസര്‍മാര്‍, ടൈപ്പിസ്റ്റ്, വാട്ടര്‍ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവരാണ് ഇൗ ഓഫിസുകളില്‍ ജോലി ചെയ്യുന്നത്. മുന്‍പ് ട്രാവന്‍കൂര്‍ ഹൗസിലായിരുന്നു ഈ ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കെട്ടിടം നവീകരിച്ചപ്പോഴാണ് കേരളാ ഹൗസ് വളപ്പിലെ മറ്റു കെട്ടിടങ്ങളിലേക്ക് ഓഫിസ് മാറ്റിയത്. പഴയ കാലത്ത് ട്രാവന്‍കൂര്‍ ഹൗസിന്റെ ശൗചാലയങ്ങളോ മറ്റോ ആയി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളാവാം ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിയമവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി അനുവദിച്ചിരിക്കുന്നതെന്നു വേണം കരുതാന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *