സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്; തേക്കടിക്ക് തിരിച്ചടിയായി മുല്ലപ്പെരിയാർ ‘വാർത്തകൾ’

0

തൊടുപുഴ∙ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ ജില്ലയിലെ ടൂറിസം മേഖല നേരിടുന്ന തളർച്ചയ്ക്ക് ഓണക്കാലത്തോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. മഴക്കാല സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരോധനവുമാണ് സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയത്. ഓണം അവധിക്കാലത്ത് സഞ്ചാരികളുടെ വരവ് മുന്നിൽക്കണ്ടു ടൂറിസം കേന്ദ്രങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ തുടങ്ങിയതായി ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു. സ്വാതന്ത്ര്യദിനം ഉൾപ്പെടെയുള്ള 2 പൊതു അവധികൾ ഈ മാസം ഉണ്ടായിരുന്നെങ്കിലും മേഖലയിൽ കാര്യമായ പ്രയോജനമുണ്ടായില്ല.

തേക്കടിക്ക് തിരിച്ചടിയായി മുല്ലപ്പെരിയാർ ‘വാർത്തകൾ’
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ തേക്കടിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായി. മിക്ക ഹോട്ടലുകളിലും നേരത്തേ ലഭിച്ച ബുക്കിങ്ങുകൾ പലതും റദ്ദാക്കപ്പെട്ടു. ഓണാവധി പ്രമാണിച്ചുള്ള ബുക്കിങ് നടക്കേണ്ട സമയമാണിപ്പോൾ. എന്നാൽ ഇടയ്ക്കിടെ വരുന്ന മഴമുന്നറിയിപ്പുകളും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും മൂലം ടൂറിസം മേഖല പ്രതിസന്ധിയിലായി. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികൾ എത്തുന്നതു മാത്രമാണ് ആശ്വാസം.

ഓണപ്രതീക്ഷയിൽ മൂന്നാർ
മൺസൂൺ ടൂറിസം സീസണിൽ തിരിച്ചടി നേരിട്ട മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഇനിയുള്ള പ്രതീക്ഷ ഓണക്കാലത്തെ തിരക്കാണ്. എന്നാൽ ഇത്തവണ ഓണക്കാലത്തേക്കുള്ള മുൻകൂർ ബുക്കിങ്ങുകൾ കാര്യമായി ലഭിച്ചിട്ടില്ലെന്നാണ് റിസോർട്ട് ഉടമകൾ പറയുന്നത്. മിക്ക റിസോർട്ടുകളിലും 40% ബുക്കിങ്ങുകൾ മാത്രമാണ് ഓണം സീസണിൽ ലഭിച്ചിട്ടുള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലവും മോശം കാലാവസ്ഥയുമാണ് ബുക്കിങ്ങിൽ കുറവ് വരുത്തിയതെന്നാണ് റിസോർട്ട് ഉടമകളുടെ വിശദീകരണം.എന്നാൽ ഇത്തവണ പൂജ, ദീപാവലി അവധിക്കാലമായ ഒക്ടോബർ മാസത്തേക്ക് പ്രധാന റിസോർട്ടുകളിലെല്ലാം ഉത്തരേന്ത്യൻ സഞ്ചാരികളുടെ ബുക്കിങ് ലഭിച്ചു കഴിഞ്ഞു. ഒക്ടോബർ 10 മുതലാണ് ഉത്തരേന്ത്യൻ സഞ്ചാരികളുടെ തിരക്ക് തുടങ്ങുന്നതെന്നും ഇത്തവണ മിക്ക റിസോർട്ടുകളിലും മുറിവാടക പഴയ നിരക്ക് തന്നെയായിരിക്കുമെന്നും കേരള ട്രാവൽ മാർട്ട് എക്സിക്യൂട്ടീവ് അംഗം വിനോദ് വട്ടേക്കാട്ട് പറഞ്ഞു.

ഓണം തെളിഞ്ഞാൽ വാഗമണ്ണിൽ വിളവ്
ഓണക്കാലത്തേക്ക് വാഗമൺ, കുട്ടിക്കാനം, പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ ബുക്കിങ് മന്ദഗതിയിൽ. മഴ ശക്തമായി തുടരുന്ന സാഹചര്യമാണ് ടൂറിസം രംഗത്തിനു തിരിച്ചടിയായിരിക്കുന്നത്. വാഗമണ്ണിലെ കണ്ണാടിപ്പാലത്തിലേക്കുള്ള പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്.ഉദ്ഘാടനം കഴി​ഞ്ഞതു മുതൽ കണ്ണാടിപ്പാലത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്നും സഞ്ചാരികൾ ഓണാവധി ചെലവഴിക്കാൻ മലയോര ടൂറിസം കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുമെന്നുമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ.

ജില്ലയിൽ എത്തിയ സഞ്ചാരികൾ
(ഓഗസ്റ്റ് 15 മുതൽ 18 വരെ ഡിടിപിസിയുടെ കണക്ക്) മാട്ടുപ്പെട്ടി: 970 രാമക്കൽമേട്: 1567 അരുവിക്കുഴി: 422 ശ്രീനാരായണപുരം: 2128 വാഗമൺ മൊട്ടക്കുന്ന്: 8485 വാഗമൺ അഡ്വഞ്ചർ പാർക്ക്: 4227  പാ​ഞ്ചാലിമേട്: 1866 ഇടുക്കി ഹിൽവ്യൂ പാർക്ക്: 1354 മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ: 1965 ∙ആകെ: 22,984

Spread the love

Leave a Reply

Your email address will not be published. Required fields are marked *