മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സുപ്രീംകോടതിക്കേ സാധിക്കൂ;സി.എന്‍. രാമചന്ദ്രന് നായര്‍
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്ന് ഡാം സുരക്ഷാ കമ്മിഷന് മുന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍. അണക്കെട്ടില്‍ എന്ത് സംഭവിച്ചാലും വെള്ളം പെരിയാറിലേക്കാണ് വരികയെന്നും തമിഴ്നാടിന് അപകടമൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘2014-ലെ സുപ്രീം കോടതി വിധി വന്നിട്ട് 10 വര്‍ഷം കഴിഞ്ഞു. അന്ന് സുപ്രീം കോടതി സമിതിയെ നിയോഗിച്ചു. ഡാമിന്റെ സുരക്ഷയെ കുറിച്ച് പഠിക്കാനും ഡാം ബലഹീനമാണോ എന്ന് പരിശോധിക്കാനും. സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാല്‍ ഡാം ബലഹീനമല്ല എന്നും അറ്റകുറ്റപ്പണി നടത്തിയതാണെന്നും സുരക്ഷിതമാണെന്നും അപകടമില്ലെന്നുമാണ് സമിതി പറഞ്ഞത്.’ -സി.എന്‍. രാമചന്ദ്രന് നായര്‍ പറഞ്ഞു.
‘അതുകൊണ്ട് ഡാമിന് എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അത് സുപ്രീം കോടതി വിധിയിലൂടെ മാത്രമേ സാധിക്കൂ. കാരണം സുപ്രീം കോടതി വിധിയാണ് ആ ഡാമിന്റെ ഇപ്പോഴത്തെ നിലനില്‍പ്പിന് കാരണം.’
‘നിലവിലെ സ്ഥിതി മതി എന്നാണ് തമിഴ്നാട് പറയുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എന്ത് അപകടമുണ്ടായാലും പെരിയാറിലേക്കാണ് വെള്ളം വരുന്നത്. ഇടുക്കി റിസര്‍വോയറിലേക്ക്. തമിഴ്നാടിന് ഒരപകടവും ഉണ്ടാകില്ല.’ -അദ്ദേഹം പറഞ്ഞു.