മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകും
തിരുവനന്തപുരം: പീഡനപരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം. വിഷയത്തിൽ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചു. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടിയാകും അപ്പീൽ നൽകുക.
കോടതിയുടെ വിധി പരാതിക്കാരിയെ അവിശ്വസിക്കുന്നതാണെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള കേസാണിതെന്നും കോടതിയെ ബോധിപ്പിക്കും. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷ് എംഎല്‍എയ്‌ക്കെതിരെ മരട് പൊലീസ് കേസെടുത്തിരുന്നു. ഐപിസി. 354, 509, 452 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
പരാതിക്കാരിയായ നടിയുടെ മൊഴിയിൽ വലിയ വൈരുധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക പീഡനം എന്ന വാദം കോടതി പൂർണമായും തള്ളുകയും മുകേഷിന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്‌തിരുന്നു. എറണാകുളം സെഷന്‍സ് കോടതിയാണ് മുകേഷിന് ജാമ്യമനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചത്.
എന്നാൽ ജാമ്യം അനുവദിച്ചത് കേസിന്റെ തുടരന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്ന് അന്വേഷണ സംഘം അപ്പീലില്‍ ചൂണ്ടിക്കാട്ടും. ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്‍റെ വാദം. 15 വർഷങ്ങൾക്കുശേഷം പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയിൽ ശ്രമം നടത്തിയെന്നും മുകേഷ് ആരോപിച്ചിരുന്നു.