മുകേഷ് സ്വമേധയാ രാജിവെക്കണം; സിപിഐ നേതാവ് ആനി രാജ
ദില്ലി : ബലാത്സംഗ പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ മുകേഷ്, എംഎൽഎ സ്ഥാനത്ത് നിന്നും സ്വമേധയാ രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് രാജിക്ക് തയ്യാറല്ലെങ്കിൽ സംസ്ഥാന സർക്കാർ രാജി ആവശ്യപ്പെടാൻ തയ്യാറാകണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കോൺഗ്രസ് എംഎൽഎമാർ രാജിവെക്കാത്തതുകൊണ്ട് നമ്മളും രാജിവെക്കില്ലെന്നത് ബാലിശമാണ്. അതെല്ലാം വ്യക്തിഗതവാദങ്ങളാണ്. ഒരു കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
അധികാരത്തിൽ ഇരിക്കുന്ന ഒരാൾ ഇത്തരം കുറ്റം ചെയ്തെന്ന് വരികയും സർക്കാർ അത് പരിശോധിക്കുമെന്ന് പറയുകയും ചെയ്യുമ്പോൾ അതിന്റെ സത്യസന്ധതയും നീതിപൂർവതയും എല്ലാം ചോദ്യം ചെയ്യപ്പെടുന്നു. അതിന്റെ ഗൗരവത്തോടെ സംസ്ഥാന സർക്കാർ ഇത് കാണണം. വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ഒഴിഞ്ഞ് മാറ്റം ചൂണ്ടിക്കാട്ടിയ വേളയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് വേണ്ടി പറയാനുള്ള ആളല്ല ഞാനെന്നായിരുന്നു ആനി രാജയുടെ മറുപടി. അതിനുവേണ്ടി ഞാൻ മുതിരുന്നില്ല. ഇടതുപക്ഷ നിലപാട് സ്ത്രീപക്ഷ നിലപാടാണ്. അതു മനസ്സിലാവാത്തവരാണ് ഇടതുപക്ഷത്തിനെതിരായ ആക്രമണമാണ് ലൈംഗികാതിക്രമ ആരോപണങ്ങളെന്ന് പറയുന്നതെന്നും ആനി രാജ കുറ്റപ്പെടുത്തി.