ആരാണ് മുഹമ്മദ് നബി
ഇസ്‌ലാം മതവിശ്വാസ പ്രകാരം അന്ത്യ പ്രവാചകനാണ് മുഹമ്മദ് അഥവാ മുഹമ്മദ് നബി. ഏ.ഡി ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ഒരു ഏകീകൃത ഭരണകൂടം സ്ഥാപിച്ച നേതാവായിരുന്നു അദ്ദേഹം. മതനേതാവ് എന്നതുപോലെ തന്നെ രാഷ്ട്രത്തിന്റെയും സൈന്യത്തിന്റെയും നേതാവും ന്യായാധിപനും അദ്ദേഹം തന്നെയായിരുന്നു. ആദം നബി, ഇബ്റാഹിം നബി, മൂസാ നബി, ഈസാ നബി തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തിൽപ്പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് മുഹമ്മദ് എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു.
മുഹമ്മദ് ഇബ്‌നു അബ്‌ദുല്ല എന്നാണ് അദ്ദേഹത്തിൻറെ പൂർണ്ണനാമം. അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ് പിതാവും ആമിന ബിൻത് വഹബ് മാതാവുമാണ്. മക്കയിലും മദീനയിലും നടത്തിയ പ്രചാരണപ്രവർത്തനങ്ങളിലൂടെ ഇസ്‌ലാമിക വിശ്വാസത്തെ മക്കയിലും അറേബ്യൻ ഉപദ്വീപിലാകെയും പ്രചരിപ്പിച്ചതിനു നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു. മദീന കേന്ദ്രീകരിച്ച് മുഹമ്മദ് രൂപവത്കരിച്ച രാഷ്ട്രത്തിന്റെ സംരക്ഷണാർത്ഥം ബദ്ർ, ഉഹ്ദ്, ഖൻദഖ്, ഹുനൈൻ തുടങ്ങിയ യുദ്ധങ്ങൾക്ക് നേതൃത്വം നൽകി.