ഒരു കണ്ണീർ നൊമ്പരമായി മുഹമ്മദ് ഫസൽ എന്ന നാലാം ക്‌ളാസ്സുകാരൻ !

0

 

കണ്ണൂർ : പാനൂർ , തുവക്കുന്ന് ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫസലിന്റെ ആകസ്‌മിക വേർപാടിൻ്റെ ഞെട്ടലിലാണ് സ്കൂൾ കുട്ടികളും അധ്യാപകരും, ബന്ധുക്കളും തൂവക്കുന്ന് നിവാസികളും !ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടിയ ഫസൽ അടുത്ത പറമ്പിലുള്ള ആൾമറയില്ലാത്ത കിണറിൽ വീണാണ് മരണപ്പെട്ടത്.
നായയെക്കണ്ട് കുട്ടികളെല്ലാവരും ഭയന്നോടുകയായിരുന്നു. പലരും പല വീടുകളിലേക്ക് ഓടിക്കയറി.
ഫസൽ ഓടിവീണത് മരണത്തിന്റെ കിണറിലേക്കാണെന്ന് ആരുമറിഞ്ഞില്ല.

ഫസൽ വീട്ടിലെത്താത്തതിനെ തുടർന്നാണ് അന്വേഷണം നടക്കുന്നത്. ഒരു നാടു മുഴുവൻ തിരയുമ്പോഴും ഒന്നും പറ്റിയിട്ടുണ്ടാവില്ല എന്ന വിശ്വാസമായിരുന്നു എല്ലാവർക്കും.

എല്ലാ വീടുകളിലും ഫോൺ മുഖേനയും, നേരിട്ടും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല .മുക്കും മൂലയും അരിച്ചുപെറുക്കിയുള്ള തിരച്ചിൽ നടത്തവെയാണ് സമീപത്തെ കിണറിൽ അബോധാവസ്ഥയിൽ കാണുന്നത്.റോഡിനോട് ചേർന്നുള്ള ഈ കിണർ പെട്ടന്ന് തിരിച്ചറിയാനുമാകില്ലെന്ന് നാട്ടുകാർ പറയുന്നു. പാനൂർ ഫയർഫോഴ്സെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

തൂവ്വക്കുന്ന് ചേലക്കാട് മസ്ജിദിന് സമീപം മത്തത്ത് ഉസ്മാൻ – ഫൗസിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫസൽ .സഹോദരി: ആൽഫ ഫാത്തിമ.പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തൂവ്വക്കുന്ന് കല്ലുമ്മൽ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

തൂവക്കുന്ന്, പൊയിലൂർ ഭാഗങ്ങളിൽ തെരുവുനായയുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു.കുട്ടികൾക്കിപ്പോൾ പുറത്തിറങ്ങാൻ തന്നെ ഭയമായിരിക്കയാണ്.അടിയന്തിര നടപടി കൈക്കൊള്ളണമെന്നും കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് ചെയർമാനുമായ പി.കെ മുഹമ്മദലി പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *