ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേൽ: കൊല്ലപ്പെട്ടത് സായുധസംഘത്തിന്റെ പ്രധാനി

0

ബയ്റൂത്ത്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് അഫീഫിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

വർഷങ്ങളോളം ഹിസ്ബുള്ളയുടെ മീഡിയ റിലേഷൻസ് വിഭാ​ഗം തലവനായിരുന്നു അഫീഫ്. സെപ്തംബർ അവസാനം ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയുടെ കൊലപാതകത്തിന് ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു ഇയാൾ. വാർത്താസമ്മേളനങ്ങൾക്കും പ്രസം​ഗങ്ങൾക്കും നേതൃത്വം നൽകിയിരുന്നതും അഫീഫായിരുന്നു. ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല.

ലെബനന്റെ വടക്കൻഭാഗങ്ങളിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുള്ളയ്ക്കെതിരേ ലെബനന്റെ അതിർത്തിപ്രദേശങ്ങളിൽ കരയുദ്ധം നയിക്കുന്ന ഇസ്രയേൽ സൈന്യം ഇത്ര ഉള്ളിൽ കടക്കുന്നത് ആദ്യമാണ്. തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന രണ്ടുപേർ മരിച്ചിരുന്നു. നാലുപേർക്ക് പരിക്കേറ്റു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *