എംടിയുടെ ഭൗതികദേഹം ‘സിതാര’യില്‍; സംസ്‌കാരം വൈകിട്ട് 5ന്
എഴുതാനും എഴുതിപ്പിക്കാനുമായി മാത്രം ജീവിച്ച എഴുത്തുകാരന് വിടചൊല്ലി കേരളം!
കോഴിക്കോട് : കൊട്ടാരം റോഡിലെ വീടായ സിതാരയിൽ പൊതുദർശനത്തിന് വെച്ച എംടിയുടെ മൃതദേഹം വൈകിട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്‌മശാനത്തിൽ സംസ്‌കരിക്കും. തൻ്റെ മരണാന്തര ചടങ്ങുകൾ എങ്ങിനെയായിരിക്കണം എന്ന് എംടി നേരത്തെ കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. തന്‍റെ മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വയ്ക്കരുതെന്നും വിലാപയാത്ര പാടില്ലെന്നും എംടി പറഞ്ഞിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്‍റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്‌ടമായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത് എന്നും ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്‍റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ എന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ സിനിമാ സാഹിത്യ സാംസ്‌കാരികരംഗത്തെ പ്രമുഖർ ആദാരാഞ്ജലികൾ അർപ്പിക്കാനായി അദ്ദേഹത്തിന്റെ വസതിയിലെത്തി .
കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (ഡിസംബർ 25) രാത്രി 10 മണിയോടെയാണ് അദ്ദേഹം വിടവാങ്ങിയത്. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായി.