കപ്പലിൽ തുടരേണ്ടിവന്ന ജീവനക്കാർ കരയിലിറങ്ങി
വിഴിഞ്ഞം : 150 ദിവസത്തോളമായി കപ്പലിൽ തുടരേണ്ടിവന്ന ജീവനക്കാർ കരയിലിറങ്ങി. കൊച്ചിക്കു സമീപം കടലിൽമുങ്ങിയ എംഎസ്‌സി എൽസ-3 കപ്പലിന്റെ നഷ്ടപരിഹാരക്കേസിൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പരിധിയിലെ ആങ്കറേജിൽ നങ്കൂരമിട്ടിരുന്ന എംഎസ്‌സി അക്കിറ്റെറ്റ കപ്പലിലെ 12 ജീവനക്കാരെയാണ് കരയിലെത്തിച്ചത്. ഇവർക്കു പകരം 11 പേരെ കപ്പലിൽ തിരിച്ച് കയറ്റുകയും ചെയ്തു. ഘാന സ്വദേശിയും ചീഫ് എൻജിനിയറുമായ അഗ്രേ ജോൺ കൊബിനക്കൊപ്പം 11 ഇന്ത്യക്കാരുൾപ്പെടെ 12 പേരാണ് കരയിലിറങ്ങിയത്. അദാനി തുറമുഖ കമ്പനിയുടെ ഡോൾഫിൻ-27 എന്ന ബോട്ടിലാണ് ഇവരെ ശനിയാഴ്ച വൈകീട്ടോടെ വിഴിഞ്ഞത്തെ മാരിടൈം ബോർഡിന്റെ വാർഫിൽ അടുപ്പിച്ചത്. കേരള മാരിടൈം ബോർഡിന്റെ വിഴിഞ്ഞം അധികൃതർ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള വാട്ടർ ലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് കമ്പനിയുടെ നേതൃത്വത്തിലാണ് ആങ്കറേജിലുള്ള കപ്പലിൽനിന്ന് കരയിലെത്തിച്ചത്. കപ്പൽ മുങ്ങിയതിന്റെ ഫലമായുള്ള പാരിസ്ഥിതിക നാശത്തിന് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ 9000 കോടി രൂപ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുറമുഖത്ത് ചരക്കുനീക്കത്തിനെത്തിയ എംഎസ്‌സിയുടെ കണ്ടെയ്‌നർ കപ്പലായ അക്കിറ്റെറ്റയെ അറസ്റ്റുചെയ്ത് പിടിച്ചിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ ജോലിസമയം കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാൻ കഴിയുന്നില്ലെന്ന് കാട്ടി ഡിജി ഷിപ്പിങ്ങിന് പരാതിയയച്ചിരുന്നു. സംഘത്തിലുള്ള ഒരാളുടെ വിവാഹമാണെന്നും മറ്റുള്ളവർക്ക് വിവിധ ആവശ്യങ്ങളുണ്ടെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. തുടർന്നാണ് എമിഗ്രേഷൻ ഇവർക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള അനുമതി നൽകിയത്.
