സംയുക്ത റെസ്‌ക്യൂ ദൗത്യം വിജയം: നന്ദി പറഞ്ഞ് ക്യാപ്റ്റന്‍

0

കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി കരയില്‍ എത്തിച്ചു. ആദ്യം രക്ഷിച്ച 21 ജീവനക്കാരെയാണ് സുരക്ഷിതമായി കരയില്‍ എത്തിച്ചത്. നാവികസേനയുടെ ഐഎന്‍എസ് സുജാതയിലാണ് ജീവനക്കാരെ കൊച്ചി തീരത്ത് എത്തിച്ചത്. ക്യാപ്റ്റൻ അടക്കം അവസാനം രക്ഷിച്ച മൂന്ന് പേരെ കൊച്ചി നേവൽ ബേയ്സിലാണ് എത്തിച്ചത്.കാലാവസ്ഥ പ്രതികൂലമായി ബാധിച്ചെന്ന് കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പലിൻ്റെ ക്യാപ്റ്റൻ ഇവാനോവ് അലക്സാണ്ടർ പ്രതികരിച്ചു. കപ്പലിൽ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ക്യാപ്റ്റൻ വ്യക്തമാക്കി.

കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും രക്ഷാപ്രവർത്തനം മികച്ചതെന്നും ക്യാപ്റ്റൻ പറഞ്ഞു. കണ്ടെയ്നറുകൾ കടലിലൂടെ ഒഴുകി നടക്കുകയാണെന്ന് ഐഎൻഎസ് സുജാതയിലെ കമാൻഡിങ്ങ് ഓഫീസർ മാൻഡർ അർജുൻ ശേഖർ പറഞ്ഞു. ഓയിൽ ലീക്കേജ് ഉണ്ടായിട്ടുണ്ടെന്നും കപ്പൽ ചാലിൽ അപകട സാഹചര്യം ഉണ്ടെന്ന മുന്നറിയിപ്പ് മറ്റ് കപ്പലുകൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയിലായിരുന്നു രക്ഷാപ്രവർത്തനം. കപ്പലിൽ ഉണ്ടായിരുന്നവരുടെ ജീവൻ രക്ഷിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചുവെന്നും അർജുൻ ശേഖർ വ്യക്തമാക്കി.643 കണ്ടെയ്നറുകളാണ് മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 13 കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണ് ഉള്ളത്. 12 കണ്ടെയ്റുകളിൽ കാൽസ്യം കാർബൈഡ് ആണുള്ളത്.

84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും കപ്പലിലുണ്ടായിരുന്നു. കപ്പൽ മുങ്ങിയത് കൊച്ചിയിൽനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയും തോട്ടപ്പള്ളി ഹാർബറിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെയുമാണ്. ശനിയാഴ്ചയാണ് എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ കടലിൽ ചെരിഞ്ഞത്. ഇന്നലെ രാത്രിയോടെ 24 ല്‍ 21 ജീവനക്കാനേയും നാവികസേന രക്ഷിച്ചിരുന്നു. ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർ കൂടുതൽ നിരീക്ഷണങ്ങൾക്കായി കപ്പലിൽ തുടരുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *