എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു : കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

0

കൊച്ചി: അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു. കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിന് ഉള്ളിലേക്ക് വെള്ളം കയറുന്നുണ്ട്. സ്ഥിതി വഷളാകുന്നുവെന്ന് മനസിലാക്കിയ ഉടൻ നാവിക സേന ഇടപെട്ടു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റി. കപ്പലിന് അടുത്തേക്ക് പോകാൻ ഐഎൻഎസ് സുജാതയ്ക്ക് സാധിച്ചില്ല. കണ്ടെയ്‌നറുകളെ മറികടന്ന് മുന്നോട്ട് പോകാൻ നാവികസേന കപ്പലിന് സാധിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണാൽ തീരത്ത് വലിയ അപകടമുണ്ടായേക്കുമെന്ന ഭീതിയും ഉയരുന്നുണ്ട്. അതിനിടെ ഇന്നലെ കപ്പലിൽ നിന്ന് വീണ് കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകൾ ആലപ്പുഴ -എറണാകുളം തീരത്ത് അടിയാൻ സാധ്യതയുണ്ട്. കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള തീരത്ത് അടിയാൻ കുറഞ്ഞ സാധ്യതയും കൽപ്പിക്കുന്നുണ്ട്. കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 112 ലേക്ക് ഉടൻ വിളിച്ച് വിവരം പറയാനും നിർദേശമുണ്ട്. അതേസമയം കപ്പൽ അപകട നില തരണം ചെയ്തതായാണ് വിവരം. സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കപ്പലില്‍ തുടരുന്നുണ്ട്. കപ്പൽ കമ്പനി ആവശ്യപ്പെടുന്ന സമയം വരെ ഇവർ കപ്പലിൽ തുടരും. കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററും നാവിക സേനയുടെ കപ്പലുകളും രക്ഷാദൗത്യത്തിനുണ്ട്. കപ്പൽ കമ്പനിയുടെ ഒരു മദർ ഷിപ്പ് കൂടി അപകടം സംഭവിച്ച കപ്പലിന് അടുത്തെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *