മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് മണികുമാർ
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ സ്ഥാനം തനിക്ക് ഏറ്റെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാർ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് തീരുമാനം എന്ന വിശദീകരിച്ച അദ്ദേഹം രാജ്ഭവനെ രേഖാമൂലം ഇക്കാര്യം അറിയിക്കുകയും ചെയ്തു.
അതേസമയം മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി മണികുമാറിനെ നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് പിന്മാറ്റത്തിന് പിന്നിലെന്നും സൂചനയുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നതിനുള്ള ഫയൽ പത്ത് ദിവസം രാജഭവനിൽ തടഞ്ഞു വെച്ചതിനുശേഷം ആണ് കഴിഞ്ഞദിവസം ഒപ്പുവച്ചത്.
മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി നിയമിക്കുന്നതിനുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയ ശേഷം പുറത്തിറക്കാൻ സർക്കാറിന് രാജ്ഭവൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് കഴിഞ്ഞ മെയ് മാസത്തിൽ ജസ്റ്റിസ് ആന്റണി ഡൊമനിക് വിരമിച്ച ഒഴിവിലേക്ക് മണികുമാറിനെ നിയമിക്കാൻ ശുപാർശ നൽകിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിയോജനക്കുറിപ്പ് സഹിതം ഗവർണർക്ക് സമിതി ശുപാർശ സമർപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹം വിരമിക്കുന്നതിന് മുൻപ് തന്നെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി അദ്ദേഹത്തെ നിയമിക്കുമെന്ന സൂചന ലനിന്നിരുന്നു.