വിവാദ നായകൻ എം .ആർ .അജിത്കുമാറിന് ഡിജിപി റാങ്കിലേയ്ക്ക് സ്ഥാനക്കയറ്റം
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാറിനു ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം.സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു .
വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും എഡിജിപി എം.ആർ.അജിത്കുമാറിനു ഡിജിപിയാകാൻ തടസ്സമില്ലാ എന്ന് ഡിസംബർ 9 നു നടന്ന ഐപിഎസ് സ്ക്രീനിങ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
കമ്മിറ്റി സ്ഥാനക്കയറ്റത്തിന് അനുമതിയും നൽകിയിരുന്നു.
ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഡയറക്ടറുമടങ്ങുന്നതാണ് സ്ക്രീനിങ് കമ്മിറ്റി .
ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചനടത്തിയെന്ന ആരോപണം ശക്തമായ പ്രതിഷേധമായി മാറിയപ്പോൾ അജിത് കുമാറിനെതിരെ സർക്കാർ നടപടിഎടുത്തിരുന്നു. ആരോപണം വന്ന് 36-ാം ദിനമാണ് അജിത് കുമാറിനെതിരെ നടപടിയുണ്ടായത് .നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്‍ ചുമതലയും ഉണ്ടായിരുന്ന അജിത് കുമാറിൽ നിന്നും ‘ക്രമസമാധാനം ‘ എടുത്ത് എഡിജിപി മനോജ് എബ്രഹാമിന് സർക്കാർ കൈമാറി . ബറ്റാലിയന്‍ ചുമതല മാത്രമാണ് അജിത് കുമാറിനുണ്ടായിരുന്നത് .
അജിത് കുമാർ രണ്ട് പ്രമുഖ ആർഎസ്എസ് നേതാക്കളുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദർശനം ആണെന്നായിരുന്നു വിശദീകരണം. ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം ആർ അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് അജിത് കുമാർ ആർഎസ്എസ് നേതാവ് രാംമാധവിനെയും കണ്ടുവെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നത്. തിരുവനന്തപുരം കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച്ച. രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തിയെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാർ സജീവമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.