യാത്രക്കാരനായി കേന്ദ്രമന്ത്രി , സഹപൈലറ്റായി ബിജെപി എംപി
ന്യൂഡല്‍ഹി: പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയിലെ മറക്കാനാവാത്ത അനുഭവവും സന്തോഷവും പങ്കുവെച്ച് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്. യാത്ര ചെയ്ത വിമാനത്തിലെ സഹ പൈലറ്റാണ് മന്ത്രിയുടെ സന്തോഷത്തിന്റെ കാരണം. ഒരു സാധാരണ വിമാന യാത്രയെ അവിസ്മരണീയമായ ഒന്നാക്കി മാറ്റിയെന്ന കേന്ദ്രമന്ത്രിയുടെ പ്രശംസയും ആദരവും ഏറ്റുവാങ്ങിയ ആ സഹ പൈലറ്റ് ബിജെപി എം പി രാജീവ് പ്രതാപ് റൂഡി ആയിരുന്നു.
രാജീവ് ജി, ഇന്ന് നിങ്ങള്‍ ഞങ്ങളുടെ ഹൃദയം കീഴടക്കി… പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്നത്തെ വിമാനയാത്ര എനിക്ക് അവിസ്മരണീയമായിരുന്നു, കാരണം ഈ വിമാനത്തിന്റെ സഹ-ക്യാപ്റ്റന്‍ എന്റെ പ്രിയ സുഹൃത്തും മുതിര്‍ന്ന രാഷ്ട്രീയക്കാരനും ഛപ്ര എംപിയുമായ ശ്രീ രാജീവ് പ്രതാപ് റൂഡി ജി ആയിരുന്നു,’ ചൗഹാന് എക്സില്‍ കുറിച്ചു.
ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും, റൂഡിയെ പ്രശംസിച്ചുകൊണ്ട് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിന്റെ ചിത്രവും ചൗഹാന് പങ്കുവെച്ചു. യാത്ര സംബന്ധിച്ച വിവരങ്ങള്‍ ലളിതമായി അവതരിപ്പിക്കാനുള്ള റൂഡിയുടെ കഴിവിനെയും മന്ത്രി പ്രശംസിച്ചു. റൂഡി തന്റെ സവിശേഷമായ ശൈലിയില്‍ എങ്ങനെയാണ് യാത്ര വിവരിച്ചതെന്നും ചൗഹാന് പങ്കുവെച്ചു.
