എംപിമാർക്കും എംഎൽഎമാർക്കും പരിരക്ഷയില്ല, വിചാരണ നേരിടണം: സുപ്രീം കോടതി

0

ന്യൂഡൽഹി: പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും വോട്ടു ചെയ്യുന്നതിനും സംസാരിക്കുന്നതിനും പണം വാങ്ങുന്ന എംപിമാരും എംഎൽഎമാരും അഴിമതി നിരോധന നിയമപ്രകാരം വിചാരണ നേരിടണമെന്നും ജനപ്രതിനിധി എന്ന നിലയിൽ പാർലമെന്‍ററി പരിരക്ഷ ലഭിക്കില്ലെന്നും ഉത്തരവിട്ട് സുപ്രീം കോടതി. സഭയിൽ വോട്ടു ചെയ്യാൻ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകിക്കൊണ്ടുള്ള 1998ലെ വിധിയെ മറി കടന്നു കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം നൽകിയ ഏഴംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ്മാരായ എ.എസ്. ബൊപ്പണ്ണ, എം.എം സുന്ദ്രേശ്, പി.എസ്. നരസിംഹ, ജെ.ബി. പർദിവാല, സഞ്ജയ് കുമാർ, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിൽ ഉണ്ടായിരുന്നു.

2012ലെ രാജ്യസഭാ വോട്ടെടുപ്പിൽ പണം വാങ്ങി വോട്ടു നൽകിയെന്ന കേസിൽ 1998ലെ സുപ്രീം കോടതി വിധി പ്രകാരമുള്ള പരിരക്ഷ നൽ‌കി തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ജെഎംഎം എംഎൽഎ സീത സോറൻ നൽകിയ ഹർജി പരിഗണിക്കുന്നതിന്‍റെ ഭാഗമായാണ് സുപ്രീം കോടതി പഴയ വിധി പുനഃപരിശോധിച്ചത്. കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഷിബു സോറൻ, 4 പാർട്ടി എംപിമാർ എന്നിവരും പ്രതികളാണ്.

മുൻ പ്രധാന മന്ത്രിയായ നരസിംഹറാവും സിബിഐയും തമ്മിലുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് 1998ൽ അഞ്ചംഗം ഭരണഘടനാ ബെഞ്ച് ആർട്ടിക്കിൾ 105(2), 194(2) എന്നിവ പ്രകാരം ജനപ്രതിനിധികൾക്ക് പാർലമെന്‍ററി പരിരക്ഷ ഉണ്ടായിരിക്കുമെന്ന് വിധിച്ചത്. ഈ വിധിയാണ് ഏഴംഗ ബെഞ്ച് പുനഃപരിശോധിച്ചത്. കൈക്കൂലി വാങ്ങുന്നത് കുറ്റകൃത്യം ആണെന്നും അതിന് ജനപ്രതിനിധി എന്ന നിലയിൽ പരിരക്ഷ നൽകാൻ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Spread the love

Leave a Reply

Your email address will not be published. Required fields are marked *