“സിനിമയും സീരിയലുകളും കുട്ടികളെ വളരെയധികം സ്വാധീനിക്കുന്നു”- മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സിനിമയും സീരിയലുകളും കുട്ടികളെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നും ഇളം തലമുറ വല്ലാതെ അസ്വസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ഷഹബാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഒരു സിനിമയിൽ കുട്ടികളെ “എടാ മോനെ “എന്നാണ് വിളിക്കുന്നത്. ആ സിനിമ കണ്ട് കുട്ടികൾ ഗുണ്ടാസംഘത്തലവൻമാരുടെ കൂടെ പോയതായി പൊലീസ് റിപ്പോർട്ടുണ്ട്.
എവിടെയും നടക്കുന്നത് കടുത്ത മത്സരമാണ്. കുട്ടികളിൽ അക്രമോത്സുകത വർധിച്ചുവരികയാണ്. എങ്ങനെ ഇത് നേരിടണമെന്ന് വിശദമായ അപഗ്രഥനം വേണം.മുതലാളിത്തവും ആധുനിക മുതലാളിത്തവും അതിന്റെ ഭാഗമായി വന്ന പുതിയ കമ്പോളവ്യവസ്ഥയും അതിന്റെയെല്ലാം ഭാഗമായി ഉയര്‍ന്നുവന്ന അതിതീവ്ര മത്സരാധിഷ്ഠിത ജീവിതവും കുട്ടികളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന ഘടകങ്ങളാണ്. എല്ലായിടത്തും കടുത്ത മത്സരമാണ് നടക്കുന്നത്. ഒപ്പമുള്ളവനെ തോല്‍പ്പിച്ചേ ജയിക്കാനാവൂ എന്ന ചിന്ത ഈ മത്സരം കുട്ടികളില്‍ വളര്‍ത്തുന്നു. ഒപ്പമുള്ളവന്‍ ശത്രുവാണ് എന്ന ബോധത്തിലേക്ക് കുട്ടികള്‍ മാറുന്നു. ആഗോളവത്കരണ സമ്പദ്‌വ്യവസ്ഥയും അതുണ്ടാക്കുന്ന കമ്പോളമത്സരങ്ങളും യുവ മനസുകളില്‍ ഒപ്പമുള്ളവര്‍ ശത്രുക്കളെന്ന ചിന്തയാണ് വളര്‍ത്തുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി.