ചലച്ചിത്ര രംഗത്ത് ബദൽ സംഘടന രൂപീകരിക്കാൻ നീക്കം : ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ’
കൊച്ചി ∙ ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്.
ഇക്കാലത്തെ മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോൾ സിനിമാമേഖല പിന്നിലാണെന്നും ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉൾക്കൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയിൽ പറയുന്നു. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മുല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന തൊഴിലാളികളുടെയും നിർമാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനുള്ള പ്രയത്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.