ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി അമ്മയ്ക്കൊപ്പം സ്ഥിരതാമസമാക്കാനിരിക്കെ അപകടം; തനിച്ചായി അമ്മ റേച്ചൽ

0

എടത്വ : കുവൈത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി അമ്മയ്ക്കൊപ്പം സ്ഥിരതാമസമാക്കാൻ തീരുമാനിച്ചിരിക്കെയാണു മാത്യുവിന്റെയും കുടുംബത്തിന്റെയും വേർപാട്. നീരേറ്റുപുറത്തു പമ്പയാറിന്റെ കരയിലെ പഴയ വീട് ഒന്നര വർഷം മുൻപാണു പുതുക്കി നിർമിച്ചത്. ആഗ്രഹിച്ചു പണിത വീട്ടിൽ രണ്ടു മാസത്തോളം മാത്രമേ മാത്യുവിനും കുടുംബത്തിനും താമസിക്കാനായുള്ളൂ. ഗൃഹപ്രവേശന കർമം നടത്തിയ ശേഷം രണ്ടു തവണ നാട്ടിലെത്തിയെങ്കിലും അവധി കുറവായിരുന്നതിനാൽ വേഗം മടങ്ങേണ്ടി വന്നു. വെള്ളം കയറാതിരിക്കാൻ തറനിരപ്പ് ഉൾപ്പെടെ ഉയർത്തിയാണ് എല്ലാ സൗകര്യങ്ങളുമുള്ള വീട് നിർമിച്ചത്. അമ്മ റേച്ചൽ തോമസിനു പ്രമേഹവും പ്രായത്തിന്റെ അവശതകളുമുണ്ട്. അമ്മ വീട്ടിൽ തനിച്ചായതിനാൽ സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

മക്കളുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നാട്ടിൽ സ്ഥിരതാമസമാക്കാനായിരുന്നു ആദ്യം ആലോചനയെങ്കിലും പിന്നീടതു മാറ്റി. രണ്ടു വർഷത്തിനുള്ളിൽ നാട്ടിൽ സ്ഥിരതാമസമാക്കുമെന്നാണു പലരോടും പറഞ്ഞിരുന്നത്. ഈ വർഷം ക്രിസ്മസിനു നാട്ടിലെത്തിയാൽ പിന്നെ മടങ്ങില്ലെന്നും ചിലരോടു പറഞ്ഞിരുന്നു. ഇത്തവണ മടങ്ങുന്നതിനു മുൻപ് അമ്മയ്ക്കു കുറച്ചു നാളത്തേക്കു വേണ്ട എല്ലാ സാധനങ്ങളും നീരേറ്റുപുറത്തെ കടയിൽ എത്തി വാങ്ങി വച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സബാ മോർച്ചറിയിൽ പൊതുദർശനത്തിനു വയ്ക്കും. രാത്രി 10.30നുള്ള എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *