അവസാനമായി മിഥുനിനെ കാണാന്‍ അമ്മ എത്തി:പൊതുദർശനത്തിൽ കണ്ണീർക്കാഴ്ചകൾ

കൊല്ലം: തേവലക്കര സ്‌കൂളില്‍ വൈദ്ധ്യുതാഘേതമേറ്റ് മരിച്ച മിഥുന്‍റെ ഭൗതികശരീരം വിളന്തറയിലെ വീട്ടിലെത്തിച്ചു. സ്‌കൂളില്‍ നിന്നു ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഹൃദയഭേദകമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. തന്‍റെ മകന്‍റെ ചേതനയറ്റ ശരീരം കണ്ട് അമ്മ സുജ അലമുറയിട്ട് കരഞ്ഞു തളര്‍ന്നു വീണു. ചേട്ടന്‍റെ മൃതദേഹം കണ്ട് അനിയന്‍ സുജിനും നിയന്ത്രണം വിട്ടു.
വിളന്തറവാസികളുടെ പ്രിയപ്പെട്ടവനായിരുന്നു മിഥുന്‍. പഠിത്തത്തോടൊപ്പം കായികരംഗത്തും കഴിവ് തെളിയിച്ച കുട്ടി. വെള്ളത്തുണിയില്‍ പൊതിഞ്ഞ പിഞ്ചു ശരീരം കണ്ട് സമീപവാസികള്‍ക്ക് അടക്കം നിയന്ത്രണം നഷ്ടപ്പെട്ടു. ദിവസങ്ങള്‍ക്കു മുന്‍പ് തങ്ങളോടൊപ്പം ഫുട്‌ബോള്‍ കളിച്ചു നടന്ന പ്രിയ കൂട്ടുകാരന്‍റെ ചേതനയറ്റ ശരീരം കണ്ട് കൂട്ടുകാര്‍ വിങ്ങിപ്പൊട്ടി. സ്‌കൂളിനു സമാനമായി ആയിരങ്ങളാണ് മിഥുനെ അവസാനമായി കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് മിഥുന്‍റെ സംസ്കാരം.
ഏറെ വൈകാരിക രംഗങ്ങളാണ് സ്‌കൂള്‍ അങ്കണത്തിലും അരങ്ങേറിയത്. പൊതുദര്‍ശനത്തിനെത്തിച്ച മിഥുൻ്റെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടുകയായിരുന്നു സഹപാഠികളും അധ്യാപകരും ഒരു നാട് മുഴുവനും. രണ്ട് ദിവസം മുന്‍പ് തങ്ങളോടൊപ്പമിരുന്ന് പഠിച്ച, കളിച്ചു നടന്ന കൂട്ടുകാരൻ്റെ മൃതശരീരം കണ്ടുനില്‍ക്കാന്‍ സഹപാഠികള്‍ക്ക് സാധിച്ചില്ല. പൊതൂദര്‍ശനത്തിനെത്തിയവരുടെ നീണ്ട നിരയായിരുന്നു സ്കൂള്‍ അങ്കണത്തില്‍. പത്ത് മണിക്കായിരുന്നു സ്കൂളില്‍ പൊതുദര്‍ശനം പറഞ്ഞിരുന്നെങ്കിലും ആശുപത്രിയില്‍നിന്ന് വെറും നാലര കിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്കൂളിലേക്ക് മണിക്കൂറുകളെടുത്താണ് വിലാപയാത്ര എത്തിയത്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായി സ്കൂളിലെത്തിച്ച് അവിടെയാണ് പൊതുദര്‍ശനം ഒരുക്കിയിരുന്നെങ്കിലും ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ആശുപത്രി വളപ്പില്‍തന്നെ പൊതുദര്‍ശനം നടത്തേണ്ട സാഹചര്യവുമുണ്ടായി. അത്രയ്ക്കും ജനങ്ങളല്ലാവരുടെയും മകനായി ഇതിനോടകം മിഥുന്‍ മാറിക്കഴിഞ്ഞിരുന്നു. ഏകദേശം 15 മിനിറ്റോളം അശുപത്രിയില്‍ പൊതുദര്‍ശനം നടത്തി.
കൂടാതെ മഴയെ അവഗണിച്ച് ഓരോ ജംക്ഷനുകളിലും ജനങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു കുഞ്ഞു മിഥുനെ അവസാനമായി ഒരുനോക്ക് കാണാന്‍. ആംബുലന്‍സിന് കൈകാണിച്ച് നിര്‍ത്തിയാണ് പലരും മിഥുൻ്റെ മൃതശരീരം ദര്‍ശിച്ചത്. കാത്തുനില്‍ക്കുന്ന ആരെയും നിരാശപ്പെടുത്താതെ എല്ലാവര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യവും അവര്‍ ഒരുക്കിക്കൊടുത്തു. കൊടിക്കുന്നില്‍ സുരേഷ് എംപി, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു.