മഴക്കെടുതിയിൽ ഓടയിൽ വീണ് അമ്മയും കുഞ്ഞും മരിച്ചു

0

ദില്ലി: ദില്ലിയിൽ കനത്ത മഴയിൽ മരണം ഏഴായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ സ്കൂളുകൾക്കും അവധി നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി വീടുകളിൽ കഴിയാനാണ് നിർദേശം. നഗരത്തിലാകെ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴക്കെടുതിയിൽ ദില്ലിയിൽ രണ്ട് പേരും ഗുരുഗ്രാമിൽ മൂന്ന് പേരും ഗ്രേറ്റർ നോയിഡയിൽ രണ്ട് പേരുമാണ് മരിച്ചത്. ഡൽഹിയിൽ വെള്ളക്കെട്ടുള്ള അഴുക്കുചാലിൽ തെന്നിവീണ് സ്ത്രീയും കുഞ്ഞും മുങ്ങിമരിക്കുകയായിരുന്നു. ഗാസിപൂർ മേഖലയിലാണ് സംഭവം. വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ 22 വയസ്സുള്ള തനൂജയും മൂന്ന് വയസ്സുള്ള മകനുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ആറടി വീതിയിൽ 15 അടി താഴ്ചയുള്ള നിർമാണം നടക്കുന്ന ഓടയിലാണ് അമ്മയും കുഞ്ഞും വീണത്. ഗുരുഗ്രാമിൽ കനത്ത മഴയെ തുടർന്ന് ഹൈ ടെൻഷൻ കമ്പിയിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗ്രേറ്റർ നോയിഡയിൽ ദാദ്രി മേഖലയിൽ മതിൽ ഇടിഞ്ഞുവീണാണ് രണ്ട് പേർ മരിച്ചത്.

കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന പത്തോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇതിൽ എട്ട് വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ലഖ്‌നൗവിലേക്കും തിരിച്ചുവിട്ടു. വിമാന സർവ്വീസുകളെ മഴ ബാധിച്ചതായി ഇൻഡിഗോ അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഡൽഹിയിൽ കനത്ത മഴ ഓഗസ്റ്റ് 5 വരെ തുടരും. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.

സഫ്ദർജംഗിൽ ഇന്നലെ വൈകിട്ട് 5.30നും 8.30നും ഇടയിൽ 79.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മയൂർ വിഹാറിൽ 119 മില്ലീമീറ്ററും പൂസയിൽ 66.5 മില്ലീമീറ്ററും ഡൽഹി യൂണിവേഴ്സിറ്റിയിൽ 77.5 മില്ലീമീറ്ററും പാലം ഒബ്സർവേറ്ററിയിൽ 43.7 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *