അമ്മ മൊബൈൽ ഫോൺ വാങ്ങിവെച്ചു :16 വയസ്സുകാരി ആത്മഹത്യ ചെയ്‌തു

കൗശാമ്പി (യുപി): അമ്മ മൊബൈല്‍ ഫോണ്‍ എടുത്തു കൊണ്ടുപോയതിനെ തുടര്‍ന്ന് 16 വയസുകാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ കൗശാമ്പിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം. ഹൈസ്‌കൂള്‍ വിദ്യാർഥിനിയാണ് ജീവനൊടുക്കിയതെന്ന് സിരാത്തു സർക്കിൾ ഓഫിസർ അവധേഷ് കുമാർ വിശ്വകർമ പറഞ്ഞു. മൊബൈല്‍ ഫോണ്‍ അമ്മ എടുത്തതിലുള്ള ദേഷ്യത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് പെൺകുട്ടി മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും, അമ്മ അത് എടുത്തുകൊണ്ടുപോയി ഗോതമ്പ് വിളവെടുക്കാൻ അടുത്തുള്ള വയലിലേക്ക് പോയിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാല്‍, വയലില്‍ നിന്നും ജോലിയെല്ലാം കഴിഞ്ഞ് മാതാവ് തിരിച്ചെത്തിയപ്പോള്‍ മകളെ വീടിനുള്ളിലെ സീലിംഗിലെ കൊളുത്തിൽ ജീവനൊടുക്കിയതായി കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.ഇതിനുപിന്നാലെ മാതാവ് ഗ്രാമവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം ബെംഗളൂരുവിലും സമാന സംഭവം ഉണ്ടായിരുന്നു. അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് അമ്മ ശകാരിച്ചതിനെ തുടർന്ന് പതിനഞ്ചുകാരി ജീവനൊടുക്കിയിരുന്നു. വൈറ്റ്ഫീൽഡിലെ ഡൽഹി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അവന്തിക ചൗരസ്യ ആണ് മരിച്ചത്.