മാടായി കോളേജിൽ അമ്മയും മകളും അധ്യാപകരാണ്
പഴയങ്ങാടി (കണ്ണൂര്‍): അമ്മയും മകളും ഒന്നിച്ച് പഠിപ്പിക്കുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് മാടായി സഹകരണ കോളേജ്. മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.വി. സിന്ധുവും മകൾ ഇംഗ്ലീഷ് അധ്യാപിക കെ.വി. മേഘയുമാണ് ഇവർ. ശ്രീകണ്ഠപുരം കണിയാർവയൽ സ്വദേശിയാണ് ഇവർ.
16 വർഷമായി മാടായി കോളേജിൽ അധ്യാപികയാണ് സിന്ധു. അഞ്ച് കവിതാസമാഹരം ഉൾപ്പെടെ ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് അവർ. ഒരു നോവൽ (പീക്കിങ്ങിൽനിന്നുള്ള കത്ത്) വിവർത്തനം ചെയ്തിട്ടുണ്ട്. സൈബർ സംസ്കാരം മലയാളം കവിതയിൽ എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. മാടായി കോളേജിൽ ചേരുന്നതിനു മുൻപ് മേരിഗിരി സ്കൂളിലും ജോലിചെയ്തിട്ടുണ്ട്.
ഈ അധ്യയനവർഷം ഇംഗ്ലീഷ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായാണ് മേഘ എത്തിയത്. പയ്യന്നൂർ കോളേജിൽനിന്ന് ഇഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽനിന്ന് ബിരുദാനന്തരബിരുദവും നേടി.