തൃശൂരിൽ മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന അമ്മ ആത്മഹത്യക്ക് ശ്രമിച്ചു; യുവതി അറസ്റ്റിൽ
തൃശൂര്‍: എരുമപ്പെട്ടി വേലൂര്‍ വെള്ളാറ്റഞ്ഞൂരില്‍ രണ്ട് മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാത്തിമ മാതാ ദേവലായത്തിന് സമീപം താമസിക്കുന്ന പൂന്തുരുത്തി വീട്ടില്‍ അഖിലിന്റെ ഭാര്യ സയ്ന (28)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് ദാരുണമായ സംഭവ നടക്കുന്നത്. ഭര്‍ത്താവുമായി വഴക്കിട്ട സയ്ന ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് മക്കളായ അഭിജയ് (7), ആദിദേവ് (5), ഒന്നര വയസുള്ള അഗ്നിക എന്നിവരെ വീട്ടിലെ കിണറ്റിലെറിഞ്ഞ് സ്വയം കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.സംഭവം കണ്ട ഭര്‍തൃസഹോദര പുത്രന് അഭിനവ് കിണറ്റിലിറങ്ങി പരിസരവാസികളുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്തെങ്കിലും അഭിജയും ആദിദേവിനെയും രക്ഷിക്കാനായില്ല.
കിണറ്റിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ച് കിടന്ന സയ്നയെ ഫയര്‍ ഫോഴ്സെത്തി പുറത്തെടുത്തു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സയ്നയെ അപകടനില തരണം ചെയ്തതോടെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ആത്മഹത്യാ ശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം, ജുവനൈല്‍ ആക്ട് എന്നി വകുപ്പുകളിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ കെ. അജിത്ത്, എസ്.ഐ. യു. മഹേഷ്, എ.എസ്.ഐ. എ.വി. സജീവ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ. സഗുണ്‍ എന്നിവരുടെ നേതൃത്വത്തത്തിലാണ് അന്വേഷണം.